
വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ ഫ്ലൂ വാക്സിനുകളിൽ നിന്നും വിവാദപരമായ ഘടകമായ “തൈമെർസാൽ” (Thimerosal) നീക്കം ചെയ്യാനുള്ള നീക്കത്തിന് യു.എസ്. ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ അംഗീകാരം നൽകി. ബുധനാഴ്ചയാണ് അദ്ദേഹം ഇതുസംബന്ധിച്ച ശുപാർശയിൽ ഒപ്പുവച്ചത്. വാക്സിൻ സുരക്ഷയെക്കുറിച്ച് ദീർഘകാലമായി സംശയങ്ങൾ ഉന്നയിക്കുന്നയാളാണ് കെന്നഡി.
മെർക്കുറി അടങ്ങിയ ഒരു പ്രിസർവേറ്റീവാണ് തൈമെർസാൽ. രണ്ടാം ലോക മഹായുദ്ധം മുതൽ വാക്സിനുകളിൽ ഇത് ഉപയോഗിച്ചുവരുന്നു. എന്നാൽ, വാക്സിൻ വിരുദ്ധ ഗ്രൂപ്പുകൾ വർഷങ്ങളായി ഇതിനെ വിമർശിച്ചുവരികയായിരുന്നു. “രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കാലതാമസത്തിന് ശേഷം, അനാവശ്യമായ മെർക്കുറി എക്സ്പോഷറിൽ നിന്ന് നമ്മുടെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളെ സംരക്ഷിക്കാനുള്ള വാഗ്ദാനം ഈ നടപടിയിലൂടെ നിറവേറ്റുകയാണ്,” കെന്നഡി ജൂനിയർ പറഞ്ഞു.
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) യുടെ അഡ്വൈസറി കമ്മിറ്റി ഓൺ ഇമ്മ്യൂണൈസേഷൻ പ്രാക്ടീസസ് (ACIP) ജൂൺ 26-ന് ചേർന്ന യോഗത്തിലെ ഭൂരിപക്ഷ വോട്ടെടുപ്പിന് ശേഷമാണ് ഈ ശുപാർശ വന്നത്. കെന്നഡി സ്ഥാപിച്ച വാക്സിൻ വിരുദ്ധ ഗ്രൂപ്പായ “ചിൽഡ്രൻസ് ഹെൽത്ത് ഡിഫൻസിൻ്റെ” മുൻ മേധാവി ലിൻ റെഡ്‌വുഡാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്.
എന്നിരുന്നാലും, സമിതിയിലെ എല്ലാവരും ഈ തീരുമാനത്തോട് യോജിക്കുന്നില്ല. തൈമെർസാൽ ഹാനികരമാണെന്ന് ശാസ്ത്രീയപരമായ തെളിവുകളൊന്നുമില്ലെന്നും, ഇത് നിരോധിക്കുന്നത് ചെലവ് വർദ്ധിപ്പിക്കാനും വാക്സിൻ ലഭ്യത കുറയ്ക്കാനും ഇടയാക്കുമെന്നും ഡോ. കോഡി മെയ്സ്നർ വാദിച്ചു.
സി.ഡി.സി.യുടെ കണക്കനുസരിച്ച്, 2024-2025 ലെ ഫ്ലൂ സീസണിൽ യു.എസിലെ 96% ഫ്ലൂ വാക്സിനുകളും ഇതിനകം തൈമെർസാൽ രഹിതമാണ്. എന്നാൽ, പതിറ്റാണ്ടുകളുടെ ഗവേഷണങ്ങൾ ഉദ്ധരിച്ച് തൈമെർസാലിന്റെ സുരക്ഷയെ എഫ്.ഡി.എ. ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ട്. മെച്ചപ്പെട്ട നിർമ്മാണ രീതികൾ പ്രിസർവേറ്റീവുകളുടെ ആവശ്യകത കുറച്ചെങ്കിലും, ഒരു സമ്പൂർണ്ണ നിരോധനം തൈമെർസാൽ അടങ്ങിയ മൾട്ടി-ഡോസ് വയലുകളെ ആശ്രയിക്കുന്ന അന്താരാഷ്ട്ര വാക്സിൻ പരിപാടികളെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.