താളം നഷ്ടപ്പെട്ട രോഹിത്ത് ശര്‍മ രാജിവെക്കുന്നു; സൂചനയുമായി ഗാവസ്‌കര്‍
സിഡ്‌നി ടെസ്റ്റില്‍ കളിച്ചേക്കില്ല
മോശം പ്രകടനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ഇന്ത്യന്‍ മുന്‍ താരവും കമാന്‍ഡേറിയനും ക്രിക്കറ്റ് വിദഗ്ധനുമായ സുനില്‍ ഗാവസ്‌കര്‍ തന്നെ പങ്കുവെച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ ക്മ്മിറ്റി ചെയര്‍മാനും മുന്‍ താരവുമായ അജിത് അഗാര്‍ക്കര്‍ ഓസ്‌ട്രേലിയയിലെത്തിയിട്ടുണ്ട്. അസാധാരണമായി രോഹിത്ത് ശര്‍മയുമായി അഗാര്‍ക്കര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഇതിന് ശേഷമാണ് രോഹിത്ത് രാജിവെക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
രോഹിത്തിന്റെ മോശം പ്രകടനത്തിനെതിരെ ഇന്ത്യന്‍ ആരാധകര്‍ വ്യാപകമായി രംഗത്തെത്തിയിട്ടുണ്ട്. രാജിവെച്ച് പുറത്തുപോകണമെന്നും സീനിയേഴ്‌സ് താരങ്ങള്‍ ഇങ്ങനെ അള്ളിപ്പിടിച്ച് ടീമിലിരിക്കരുതെന്നും വരെയുള്ള വിലയിരുത്തലുകള്‍ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെ മുന്‍ പ്രമുഖ താരങ്ങള്‍ കൂടി രോഹിത്തിനെതിരെ രംഗത്തെത്തിയിരുന്നു.
38കാരനായ രോഹിത്ത് ശര്‍മ സ്വരം നഷ്ടപ്പെടുമ്പോള്‍ പാട്ട് നിര്‍ത്തുന്ന ഗായകനെ പോലെയാകുമെന്നാണ് തോന്നുന്നത്. അടുത്തിടെ കളിച്ച ഒരു മത്സരത്തില്‍ പോലും മികച്ച പ്രകടനം പോയിട്ട് ഭേദപ്പെട്ട കളി പോലും പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല ക്യാപ്റ്റന്‍ സിയിലും മോശം പ്രകടനമായിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ് ന്യൂസിലാന്‍ഡിനോട് നാണംക്കെട്ട ടെസ്റ്റ് പരമ്പര തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നിലും രോഹിത്തിന്റെ മോശം നായകത്വമാണെന്ന് വിലയിരുത്തലുണ്ടായിരുന്നു.
ഇതിന് പിന്നാലെ രോഹിത്ത് ശര്‍മയില്ലാതെ ഓസ്‌ട്രേലിയക്കെതിരായി കളിച്ച ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചതും രാജി ആവശ്യത്തെ ശക്തിപ്പെടുത്തി. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലായിരുന്നു അന്ന് ടീം കളത്തിലിറങ്ങിയിരുന്നത്. ഞെട്ടിക്കുന്ന വിജയമായിരുന്നു അന്ന് ടീം നേടിയെടുത്തത്.