
അന്താരാഷ്ട്ര ക്രിക്കറ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവെച്ച കര്‍ശന നിര്‍ദേശം പാലിക്കാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മയും സംഘവും. രഞ്ജി ട്രോഫിയില്‍ കളിക്കണമെന്ന ബി സി സി ഐയുടെ കട്ടായം മറികടന്ന് രോഹിത്ത് ശര്‍മ, ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ തങ്ങളുടെ രണ്ടാമത്തെ രഞ്ജി മത്സരം ഉപേക്ഷിച്ചു.
മുംബൈയുടെ ഏറ്റവും നിര്‍ണായകമായ രഞ്ജി ഗ്രൂപ്പ് തല മത്സരത്തില്‍ പങ്കെടുക്കാതെ അറ്റന്റന്‍സ് മാര്‍ക്ക് ചെയ്ത് ഇവര്‍ മുങ്ങുകയായിരുന്നുവെന്നും ഈ രീതി ശരിയല്ലെന്നും മുന്‍ ക്രിക്കറ്റ് താരം ആകാശ് ചൊപ്ര വ്യക്തമാക്കി.
ജമ്മു കശ്മീരിനെതിരായ കഴിഞ്ഞയാഴ്ചയിലെ രഞ്ജി ട്രോഫിയില്‍ രോഹിത്തും സംഘവും മുംബൈക്ക് വേണ്ടി കളിച്ചിരുന്നു. എന്നാല്‍, പ്രകടനം അമ്പേ നിരാശയമായിരുന്നു. ആസ്‌ത്രേലിയക്കും ന്യൂസിലാന്‍ഡിനുമെതിരായ ടെസ്റ്റ് ടൂര്‍ണമെന്റിന് സമാനമായ മോശം പ്രകടനം രോഹിത്ത് തുടരുകയും ചെയ്തു. മറ്റ് താരങ്ങള്‍ക്കും കാര്യമായ സംഭാവന നല്‍കാനും സാധിച്ചിരുന്നില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.
മേഘാലയുമായുള്ള മുംബൈയുടെ അവസാന രഞ്ജി ഗ്രുപ് മത്സരത്തില്‍ നിന്നാണ് പ്രമുഖ താരങ്ങള്‍ വിട്ടുനിന്നത്. എന്നാല്‍, മേഘാലയക്കെതിരെ മികച്ച പ്രകടനമാണ് മുംബൈ നടത്തുന്നത്. 86 റണ്‍സിന് മേഘാലയയെ പുറത്താക്കിയ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എടുത്തിട്ടുണ്ട്. 127 റണ്‍സിന്റെ ലീഡുമായി മുന്നേറുന്ന മുംബൈ ഈ മത്സരത്തില്‍ വിജയിക്കാനാണ് സാധ്യത.
ജമ്മു കശ്മീരിനെതിരെ ബറോഡ തോല്‍ക്കുകയും മികച്ച റണ്‍സില്‍ മുംബൈ വിജയിക്കുകയും ചെയ്താല്‍ ക്വാര്‍ട്ടര്‍ പ്രവേശനം മുംബൈക്ക് നടത്താം.