ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ഇന്ത്യയെ നയിക്കും; ഗിൽ വൈസ് ക്യാപ്റ്റൻ, സഞ്ജുവും കരുണും ടീമിലില്ല
അടുത്ത മാസം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയാണ് ടീമിന്റെ ക്യാപ്റ്റൻ. ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കി. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം നേടാനായില്ല. പേസർ മുഹമ്മദ് ഷമി ടീമിലെത്തി. റിഷഭ് പന്താണ് വിക്കറ്റ് കീപ്പർ. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും കരുൺ നായരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല
കെഎൽ രാഹുലും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ശനിയാഴ്ച രാവിലെ സെലക്ഷൻ കമ്മിറ്റി യോഗം ചേർന്നാണ് 15 അംഗ ടീമിനെ തെരഞ്ഞെടുത്തത്. രോഹിത് ശർമയും മുഖ്യ സെലക്ടർ അജിത് അഗാർക്കറും ചേർന്നാണ് ടീം പ്രഖ്യാപനം നടത്തിയത്. വിരാട് കോഹ്ലി, ശ്രേയസ് അയ്യർ തുടങ്ങിയവരും ടീമിലുണ്ട്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും ഇതേ ടീം തന്നെയായിരിക്കും കളിക്കുക
ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, വിരാട് കോഹ്ലി, റിഷഭ് പന്ത്, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ