Sports

ചാമ്പ്യന്‍സ് ട്രോഫി: ഫോട്ടോ ഷൂട്ടിന് പോലും രോഹിത്ത് പാക്കിസ്ഥാനിലേക്ക് പോകില്ല

ക്യാപ്റ്റന്മാരുടെ വാര്‍ത്താ സമ്മേളനം റദ്ദാക്കിയേക്കും

ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാനുള്ള തിരക്കിലാണ് പാക്കിസ്ഥാന്‍. കാലങ്ങളായി ഐ സി സി യുടെ മികച്ച ഒരു ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള സാഹചര്യം ലഭിക്കാതിരുന്ന പാക്കിസ്ഥാന് ഇക്കൊല്ലത്തെ ചാമ്പ്യന്‍സ് ട്രോഫി പുതിയ അവസരമാണ് നല്‍കിയിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് ലഭിക്കുന്ന മോശം സ്വീകരണം ഇല്ലാതാക്കാനും മികച്ച രീതിയില്‍ ടൂര്‍ണമെന്റ് നടത്തിക്കാണിക്കാനുമാണ് പാക്കിസ്ഥാന്‍ ശ്രമിക്കുക.

എന്നാല്‍, ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനില്‍വെച്ച് ഇന്ത്യ കളിക്കില്ലെന്ന് വ്യക്തമാക്കിയത് പാക് ക്രിക്കറ്റ് അസോസിയേഷന് തിരിച്ചടിയായിട്ടുണ്ട്. അതിനാല്‍ ഐ സി സി ഇടപെട്ട് ഇന്ത്യന്‍ മത്സരങ്ങള്‍ ദുബൈയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യ ഫൈനലിലെത്തിയാലും മത്സരം ദുബൈയിലായിരിക്കും നടക്കുക.

എന്നാല്‍, ടൂര്‍ണമെന്റിന് മുന്നോടിയായുള്ള ക്യാപ്റ്റന്‍മാരുടെ മീറ്റപ്പിലും ഫോട്ടോഷൂട്ടിലും വാര്‍ത്താ സമ്മേളനത്തിലും പങ്കെടുക്കാനാകില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ വ്യക്തമാക്കിയതായാണ് പുതിയ വാര്‍ത്ത. രാഷ്ട്രീയ സമ്മര്‍ദമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഒഴിയുകയാണ് രോഹിത്ത്.

രോഹിത്തിനെ പോലെ മറ്റ് ചില ക്യാപ്റ്റന്‍മാരും ഫോട്ടോ ഷൂട്ടും അനുബന്ധ പരിപാടികളും ഒഴിവാക്കുമെന്നാണ് ജിയോ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നത്. അങ്ങനെ വന്നാല്‍ ഈ പരിപാടികളും ക്യാപ്റ്റന്‍മാരുടെ വാര്‍ത്താ സമ്മേളനവും പാക്കിസ്ഥാന് ഒഴിവാക്കേണ്ടി വരും. വിഷയത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ മൗനം പാലിക്കുകയാണ്.

1996 ന് ശേഷം ആദ്യമായി പാകിസ്ഥാന്‍ ഒരു ഐസിസി ഇവന്റിന് ആതിഥേയത്വം വഹിക്കുന്നതിനാല്‍ ഇത്തവണ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമായിരിക്കുമെന്ന് നേരത്തേ റിപോര്‍ട്ടുണ്ടായിരുന്നു.

പാക്കിസ്ഥാനില്‍ പോയി ടൂര്‍ണമെന്റ് കളിക്കാന്‍ ഇന്ത്യയും ഇന്ത്യയിലെ ഗ്രൗണ്ടിലിറങ്ങാന്‍ പാക്കിസ്ഥാനും തയ്യാറല്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‌നമാണ് ഇതിന് പിന്നില്‍.

സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ചാര്‍ട്ട് ചെയ്യും മുമ്പ് ബി സി സി ഐ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button
error: Content is protected !!