Sports

രോഹിത്തിന് വെച്ച പണി ഗില്ലിന് കിട്ടി; പിങ്ക് ടെസ്റ്റില്‍ രോഹിത്ത് ഓപ്പണറാകില്ല; ഗില്ല് മധ്യ നിരയിലേക്ക്

മോശം പ്രകടനം ഹിറ്റ്മാനെ വേട്ടയാടുന്നു

ആറാം തീയതി നടക്കാനിരിക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ നിര്‍ണായക മാറ്റം. തുടര്‍ച്ചയായി മോശം പ്രകടനം കാഴ്ചവെക്കുന്ന നായകന്‍ രോഹിത്ത് ശര്‍മയെ ഓപ്പണിംഗ് സ്ഥാനത്ത്് നിന്ന് നീക്കാനാണ് തീരുമാനം. രോഹിത്തിന്റെ അഭാവത്തില്‍ കഴിഞ്ഞ ടെസ്റ്റില്‍ മിന്നും പ്രകടനം കാഴ്ചവെച്ച രാഹുല്‍ – ജയ്‌സ്വാള്‍ സഖ്യത്തെ വീണ്ടും പരീക്ഷിക്കാന്‍ തന്നെയാണ് തീരുമാനം. ബുംറയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ആദ്യ ടെസ്റ്റില്‍ അണിനിരന്ന ടീം ഇന്ത്യ ഗംഭീര വിജയം കരസ്ഥമാക്കിയിരുന്നു. ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ജയ്‌സ്വാള്‍ 161 റണ്‍സും രാഹുല്‍ 77 റണ്‍സും അടിച്ചെടുത്തിരുന്നു. ഇന്ത്യന്‍ വിജയത്തിന് കാരണമായതും ഈ കൂട്ടുകെട്ടായിരുന്നു.

അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിലും ജയം തുടരാമെന്നാണ് ഇന്ത്യ കരുതുന്നത്. രണ്ടാം മത്സരം നടക്കുന്നത് പിങ്ക് ബോളിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മുന്നില്‍ കൂടുതല്‍ ആശങ്കയാണുള്ളത്. കഴിഞ്ഞ തവണ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ 36 റണ്‍സിനാണ് ഓള്‍ഔട്ടായത്.

രണ്ടാം ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തിയതോടെ വീണ്ടും നായകസ്ഥാനം രോഹിത്തിലേക്കെത്തിയിരിക്കുകയാണ്. ബുംറക്ക് കീഴില്‍ ഇന്ത്യക്ക് ലഭിച്ച മികച്ച തുടക്കം മുതലാക്കി മുന്നോട്ട് പോകാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. രോഹിത് വന്നതോടെ ഇന്ത്യയുടെ പ്ലേയിങ് 11 ചില മാറ്റങ്ങള്‍ അത്യാവശ്യമായിരിക്കുകയാണ്.

രോഹുല്‍-ജയ്സ്വാള്‍ ഓപ്പണിങ് തുടരാനും മൂന്നാമനായി രോഹിത്തിനെ ബാറ്റിനിറക്കാനും ശുഭ്മാന്‍ ഗില്ലിനെ മധ്യനിരയിലേക്ക് മാറ്റാനുമാണ് ധാരണയായിരിക്കുന്നത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. എന്നാല്‍, ബോളിംഗ് നിരയില്‍ കാര്യമായ മാറ്റം ഉണ്ടാകില്ലെന്നാണ് റിപോര്‍ട്ട്.

Related Articles

Back to top button