കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി

കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന ഗാനമേളയില്‍ സിപിഎം വിപ്ലവ ഗാനം പാടിയതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് ജില്ലയില്‍ സമാനമായ മറ്റൊരു സംഭവം. ഇത്തവണ പ്രതിക്കൂട്ടിലായത് പക്ഷേ സിപിഎം അല്ല, ആര്‍എസ്എസ് ആണ് വിവാദത്തിന് വീണ്ടും തിരി കൊളുത്തിയിരിക്കുന്നത്.
കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെയാണ് സംഭവം. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയെന്നാണ് പരാതി. ക്ഷേത്ര പരിസരത്ത് ആര്‍എസ്എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതില്‍ ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശിയും പരാതി നല്‍കിയിട്ടുണ്ട്.
നേരത്തെ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ കൊടി തോരണങ്ങളും ബോര്‍ഡും ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ സ്ഥാപിക്കാന്‍ പാടില്ല. ഇതുകൂടാതെയാണ് കഴിഞ്ഞ ദിവസം നടന്ന ഉത്സവ പരിപാടിക്കിടെ ആര്‍എസ്എസ് ഗണഗീതം പാടിയെന്നാണ് പരാതി.
ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങളുടെ വിശദീകരണം. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്‌പോണ്‍സര്‍ ചെയ്തത്. അവര്‍ നേരത്തെ തന്നെ ഈ പാട്ട് പാടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതര്‍ പറയുന്നു.
നാഗര്‍കോവില്‍ ബേര്‍ഡ്സ് എന്ന ഗാനമേള ട്രൂപ്പാണ് ക്ഷേത്രത്തില്‍ ഗാനമേള അവതരിപ്പിച്ചത്. ആര്‍എസ്എസുമായി ബന്ധപ്പെട്ട രണ്ട് പാട്ട് പാടണമെന്നായിരുന്നു കലാകാരന്‍മാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. എന്നാല്‍ അതില്‍ ഒന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് പറഞ്ഞതായും ട്രൂപ്പ് വ്യക്തമാക്കി.