
ദുബായ്: ടെലികോം കമ്പനിയായ ഇത്തിസലാത്തുമായി ചേര്‍ന്ന് നഗരത്തിലെ 17 ബസ് സ്റ്റേഷനുകളിലും 12 മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. സ്റ്റേഷനില്‍ മാത്രമല്ല യാത്രക്കിടയിലും സ്മാര്‍ട്ട് ഫോണുകളിലും ടാബ്ലറ്റുകളിലും ലാപ്‌ടോപ്പുകളിലുമെല്ലാം വൈഫൈ കണക്ട് ചെയ്തു ഇന്റര്‍നെറ്റ് സേവനം തടസ്സമില്ലാതെ ആസ്വദിക്കാന്‍ യാത്രക്കാര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.
2025ന്റെ രണ്ടാം പാതിയില്‍ എമിറേറ്റിലെ മുഴുവന്‍ ബസ് സ്റ്റേഷനുകളിലും മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സംവിധാനം വ്യാപിപ്പിക്കാനാണ് തങ്ങള്‍ പദ്ധതി ഇട്ടിരിക്കുന്നതെന്ന് ആര്‍ടിഎ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ഖാലിദ് അബ്ദുറഹ്മാന്‍ അല്‍ അവാദി പറഞ്ഞു. മൊത്തം 43 കേന്ദ്രങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇതില്‍ 21 ബസ് സ്റ്റേഷനുകളും 22 മറൈന്‍ സ്റ്റേഷനുകളും ഉള്‍പ്പെടുമെന്നും ഡയറക്ടര്‍ വ്യക്തമാക്കി.