DubaiGulf

40 പേര്‍ക്ക് സഞ്ചരിക്കാവുന്ന പുതിയ റെയില്‍ ബസ് അവതരിപ്പിച്ച് ആര്‍ടിഎ

ദുബായ്: 40 പേര്‍ക്ക് സഞ്ചരിക്കാവുന്ന പുതിയ റെയില്‍ ബസ് അവതരിപ്പിച്ച് ആര്‍ടിഎ. പുനഃരുപയോഗിക്കാവുന്ന വസ്തുക്കളില്‍നിന്നുമാണ് ത്രീഡി പ്രിന്റഡ് ആയിട്ടുള്ള വാഹനം രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ആര്‍ടിഎ അധികൃതര്‍ ഇത്തരമൊരു വാഹനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇനിയും വികസന ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളതും സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഈ സംവിധാനം നഗര ഗതാഗതത്തില്‍ വലിയൊരു വിപ്ലവം ആയിരിക്കുമെന്നാണ് ആര്‍ടിഎ അവകാശപ്പെടുന്നത്.

മദീനത്ത് ജുമൈറയില്‍ നടന്നുവരുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് 2025ല്‍ ആണ് ഈ ബസിന്റെ മാതൃക ആര്‍ടിഎ പ്രദര്‍ശിപ്പിച്ചത്. കറുപ്പും സ്വര്‍ണ്ണനിറവും ഉപയോഗിച്ചുള്ള എക്സ്റ്റീരിയര്‍ ആണെങ്കില്‍ അകത്ത് രണ്ട് നിരകളിലായി ഓറഞ്ച് നിരത്തിലുള്ള സീറ്റുകള്‍ ആണ് ഇതിനുള്ളത്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായിട്ടുള്ള പ്രത്യേക സ്ഥലവും ഈ ബസ്സില്‍ ഉണ്ട്. എല്ലാ വിഭാഗം ആളുകള്‍ക്കും ബസ് ഉപയോഗിക്കാന്‍ പറ്റണമെന്ന ലക്ഷ്യത്തോടെയാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്.

22 ഇരിപ്പിടങ്ങളാണ് ഇതിലുള്ളത്. 40 ആളുകളെ ബസ്സിന് ഉള്‍ക്കൊള്ളാന്‍ ആവുമെന്നും ആര്‍ടിഎ അറിയിച്ചു. ഓരോ ഇരിപ്പിടത്തിന്റെയും മുന്‍വശത്തായി പ്രത്യേക സ്‌ക്രീനുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ സ്‌ക്രീനില്‍ ലൈവ് അപ്‌ഡേറ്റ് ലഭിക്കും. അടുത്ത സ്റ്റോപ്പ്, കാലാവസ്ഥ, സമയം തുടങ്ങിയവയെല്ലാം ഈ സ്‌ക്രീനില്‍ ദൃശ്യമാകും. വാഹനത്തിന്റെ രണ്ടറ്റത്തും കണ്‍ട്രോള്‍ പാനലുകള്‍ ഘടിപ്പിച്ചിട്ടുണ്ട് ഇതില്‍ യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും പ്രദര്‍ശിപ്പിക്കും. കോസ്റ്റ് ഇഫക്റ്റീവ് എന്നതിനൊപ്പം ഇക്കോ ഫ്രണ്ട്ലിയും ആയിട്ടുള്ള വാഹനമാണ് അവതരിപ്പിച്ചിരിക്കുന്നത് ആര്‍ടിഎ അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!