Sports

വീണ്ടും പഞ്ചാബിന്റെ റണ്‍മല; അതും കരുത്തരായ ഹൈദരബാദിനോട്

പ്രാഭ്‌സിംറാന് സെഞ്ച്വറി

വിജയ് ഹസാരെ ട്രോഫിയില്‍ റണ്‍മല തീര്‍ത്ത് പഞ്ചാബിന്റെ കൂറ്റന്‍ പ്രകടനം. കരുത്തരായ ഹൈദരബാദിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് ഉയര്‍ത്തിയത് 426 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരബാദ് തല്ലിത്തകര്‍ത്തെങ്കിലും 47.5 ഓവറില്‍ ഇന്നിംഗ്‌സ് 346 റണ്‍സില്‍ ഒടുങ്ങി. ഇതോടെ 80 റണ്‍സിന്റെ വിജയവുമായി പഞ്ചാബ് വെന്നിക്കൊടി പാറിച്ചു.

വിജയ് ഹസാരെ ട്രോഫിയില്‍ ഒറ്റ തോല്‍വി മാത്രം വഴങ്ങിയ പഞ്ചാബ് ഇതുവരെ നടന്ന മത്സരങ്ങളിലെല്ലാം കൂറ്റന്‍ വിജയമാണ് നേടിയത്. കരുത്തരായ മറ്റൊരു ടീമായ സൗരാഷ്ട്രക്കെതിരെ 424 റണ്‍സ് പഞ്ചാബ് എടുത്തിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന്റെ ഓപ്പണര്‍മാരായ പ്രാഭസിംറാനും ക്യാപ്റ്റന്‍ അഭിഷേക് ശര്‍മയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഒരുക്കിയത്. 105 പന്തില്‍ നിന്ന് 137 റണ്‍സ് എടുത്ത പ്രാഭ്‌സിംറാന്‍ സെഞ്ച്വറി തികച്ചപ്പോള്‍ കേവലം 72 പന്തില്‍ നിന്ന് ശര്‍മ 93 റണ്‍സ് എടുത്തു. 53 പന്തില്‍ നിന്ന് രമണ്‍ദീപ് സിംഗ് 80 റണ്‍സുമായി ക്രീസില്‍ ഉറച്ചു നിന്നതോടെ ടീമിന്റെ സ്‌കോര്‍ 400 കടന്നു.

196 റണ്‍സിലാണ് പഞ്ചാബിന്റെ ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 20 ഫോറും മൂന്ന് സിക്‌സറുമാണ് പ്രാഭ്‌സിംറാന്‍ തൊടുത്തുവിട്ടതെങ്കില്‍ ആറ് സിക്‌സും ഏഴ് ഫോറുമായി അഭിഷേക് ശര്‍മ കളം നിറഞ്ഞു കളിച്ചു.

മറുപടി ബാറ്റിംഗില്‍ ഹൈദരബാദിന്റെ ഓപ്പണര്‍ നിതീഷ് റെഡ്ഡി 11 റണ്‍സ് എടുത്തെങ്കിലും ഫലമുണ്ടായില്ല. ക്യാപ്റ്റനും ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ തിലക് വര്‍മക്ക് 28 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. മധ്യ നിരയില്‍ ത്യാഗരാജന്‍ 74 റണ്‍സുമായി തിളങ്ങിയെങ്കിലും നല്ലൊരു പാര്‍ട്ട്ണറെ കിട്ടിയില്ല. ഇതോടെ ടീം തളരുകയായിരുന്നു.

വിജയ് ഹസാരെയില്‍ വന്‍ കുതിപ്പാണ് പഞ്ചാബ് നടത്തുന്നത്. അരുണാച്ചലിനെതിരെ ഒമ്പത് വിക്കറ്റ് ജയം, നാഗാലാന്‍ഡിനോട് അഞ്ച് വിക്കറ്റ് വിജയം, സൗരാഷ്ട്രയോട് 57 റണ്‍സിന്റെ വിജയം, മുംബൈയോട് എട്ട് വിക്കറ്റിന്റെ വിജയം എന്നിങ്ങനെയാണ് പഞ്ചാബിന്റെ പ്രകടനം. എന്നാല്‍, കര്‍ണാടകയോട് ഒരു വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയത് മാത്രമാണ് പഞ്ചാബിന്റെ തോല്‍വി.

Related Articles

Back to top button
error: Content is protected !!