Kerala

എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

കലാകൗമുദിയുടെ പത്രാധിപനായിരുന്നു

ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പ്രതാധിപനായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബെംഗളൂരുവിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

നിരവധി ചിത്രങ്ങള്‍ക്ക് കഥയെഴുതിയ ഇദ്ദേഹം ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആത്മകഥയായ ‘എന്റെ പ്രദക്ഷിണ വഴികള്‍’ക്ക് 2012-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥ ജയചന്ദ്രന്‍ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിര്‍മാണവും അദ്ദേഹം നിര്‍വഹിച്ചു.

റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍. മുഖപ്രസംഗങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്താണ് ജനനം.

കൗമുദി ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. കൗമുദി ബാലകൃഷ്ണന്റെ ശിഷ്യനായാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

കെ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെസി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ വിജയാഘവന്‍ അവാര്‍ഡ്, എം വി പൈലി ജേണലിസം അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.

1975ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായി. 1997-ല്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക തുടങ്ങിയപ്പോള്‍ പത്രാധിപരായി ചുമതലയേറ്റു. 2013 വരെ മലയാളം വാരികയില്‍ പ്രവര്‍ത്തിച്ചു.

Related Articles

Back to top button
error: Content is protected !!