കൊച്ചി: ജോജു ജോര്‍ജ്ജ് സംവിധായകനും നടനുമായെത്തിയ പണിയെന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക് എത്തുന്നു. സിനിമയിലെ റേപ്പ് സീന്‍ ക്രിയേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ക്രിയാത്മകമായും മാന്യമായും വിമര്‍ശനം നടത്തിയ ആദര്‍ശ് എന്ന ഗവേഷക വിദ്യാര്‍ഥിക്കെതിരെ ജോജു ജോര്‍ജ്ജ് നടത്തിയ ഭീഷണിക്കെതിരെയാണ് വ്യാപക വിമര്‍ശനം ഉയരുന്നത്. സംഭവത്തില്‍ ജോജുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായി എസ് ശാരദകുട്ടി.
ആദ്യം നിലത്തിറങ്ങി നടക്കാന്‍ പഠിക്കണമെന്നും ശേഷം പഴയ സംവിധായകന്മാരുടെ അഭിമഖങ്ങള്‍ കേള്‍ക്കണമെന്നും ശാരദകുട്ടി പ്രതികരിച്ചു. നടി സീമയുടെ അഭിമുഖം കണ്ടപ്പോള്‍ പടം കാണണമെന്ന് ചിന്തിച്ചതാണെന്നും ഇപ്പോള്‍ ആവേശം കുറഞ്ഞെന്നും ശാരദകുട്ടി വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എസ് ശാരദക്കുട്ടിയുടെ കുറിപ്പിങ്ങനെ.
‘നടി സീമയുമായുള്ള അഭിമുഖം കണ്ടപ്പോള്‍ എന്തായാലും പണി എന്ന ചിത്രം കാണാന്‍ തീരുമാനിച്ചതാണ്. എന്നെങ്കിലും തിരികെ വരണം എന്ന് ഞാനാഗ്രഹിക്കുന്ന , ശക്തമായ ശരീരഭാഷയും അഭിനയസിദ്ധിയുമുള്ള നടിയാണവര്‍. ഇന്നലെ കുന്നംകുളത്തു വെച്ച് ഒരു സുഹൃത്ത് പറഞ്ഞു, ചേച്ചി അതിഭീകരമായ വയലന്‍സ് കണ്ടിരിക്കാമെന്നുണ്ടെങ്കില്‍ മാത്രം പോയാല്‍ മതിയെന്ന്. എന്റെ ആവേശം ഒട്ടൊന്നു കുറഞ്ഞു. ആദര്‍ശിന്റെ റിവ്യു , ആറ്റിറ്റിയൂഡ് ഒക്കെ ഇഷ്ടമായി. സിനിമ കാണണ്ട എന്ന് തീരുമാനിച്ചത് ഇതുകൊണ്ടൊന്നുമല്ല. ജോജുവിന്റെ അക്രമാസക്തമായ ആ മൊബൈല്‍ സംഭാഷണം കേട്ടതോടെയാണ്. പറഞ്ഞു വന്നത്, മലയാളസിനിമയെ നശിപ്പിക്കുന്നത് പ്രേക്ഷകരോ റിവ്യുവേഴ്സോ അല്ല. സിനിമ ഉപജീവനമാക്കിയ നിങ്ങളെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണ്. നിങ്ങള്‍ മുടക്കിയ വലിയ കാശ് നിങ്ങള്‍ക്ക് ലാഭമാക്കി മാറ്റണമെങ്കില്‍ ഇപ്പുറത്തുള്ള ഞങ്ങളുടെ പോക്കറ്റിലെ ചെറിയ കാശു മുടക്കിയാലേ നടക്കൂ. ആ ഓര്‍മ്മവേണം. ആദ്യം നിലത്തിറങ്ങി നടക്ക്. എന്നിട്ട് ഐ വി ശശിയും പത്മരാജനും പി എന്‍ മേനോനും ഭരതനുമൊക്കെ അടങ്ങിയ വലിയ സംവിധായകരുടെ പഴയ അഭിമുഖങ്ങളും വീഡിയോയും ഒക്കെ ഒന്ന് കണ്ടു നോക്കണം. അപ്പോള്‍ കാര്യമിത്രേയുള്ളു. കാലം മാറി എന്ന് സിനിമാക്കാര്‍ കൂടുതല്‍ ജാഗ്രത്താകണം. പ്രേക്ഷകര്‍ കൂടുതല്‍ അധികാരമുള്ളവരായിരിക്കുന്നു. താരമുഷ്‌ക് മടക്കി കൂട്ടി കൈയ്യില്‍ വെക്കണം,’
ആദര്‍ശ് എസ്എച്ച് എന്ന യുവാവാണ് പണി സിനിമയിലെ ചില രംഗങ്ങളെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്.
സിനിമയുടെ കഥ ഈ യുവാവ് പ്രചരിപ്പിച്ചെന്ന് ഇന്നലെ നല്‍കിയ വിശദീകരണത്തില്‍ ജോജു ജോര്‍ജ് ആരോപിച്ചിരുന്നു, നിയമപരമായി മുന്നോട്ട് പോകും. എന്റെ ജീവിതമാണ് സിനിമ. കോടികള്‍ മുടക്കിയാണ് ഈ സിനിമ നിര്‍മ്മിച്ചത്. കഥയിലെ സ്‌പോയിലര്‍ പ്രചരിപ്പിക്കുകയാണ് ഇയാള്‍ ചെയ്തത്. ജീവിത പ്രശ്‌നമായതിനാലാണ് പ്രതികരിച്ചതെന്നും ജോജു ജോര്‍ജ് വ്യക്തമാക്കി. രണ്ട് വര്‍ഷത്തെ അധ്വാനമാണ് സിനിമ. സ്‌പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. പല ഗ്രൂപ്പിലും റിവ്യൂവര്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടെന്നും ജോജു ജോര്‍ജ് പറഞ്ഞു.