ഹൗ..കഷ്ടം തന്നെ സംഘ്പരിവാരത്തിന്റെ ഈ മനോനില; സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിലും വര്‍ഗീയത കലര്‍ത്തി മഹാരാഷ്ട്ര മന്ത്രി
കുത്തിയത് ബംഗ്ലാദേശി; നടക്കുന്നത് നാടകമോ
മോഷ്ടാവിന്റെ കുത്തേറ്റ് ഗുരുതരാവസ്ഥ തരണം ചെയ്ത ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരെ വര്‍ഗീയാരോപണവുമായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ. മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനും ബി ജെ പി നേതാവുമായ നിതേഷ് രൂക്ഷവും പരിഹാസവും കലര്‍ന്ന ഭാഷയിലാണ് സെയ്ഫ് അലി ഖാനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ഇത്തരം ആക്രമണങ്ങള്‍ മുസ്ലിം നടന്മാരായ സെയ്ഫ് അലി ഖാനും ഷാറൂഖ് ഖാനുമെതിരെ നടക്കുമ്പോള്‍ വലിയ വാര്‍ത്തയാകാറുണ്ടെന്നും എന്നാല്‍ ഹിന്ദുക്കളായ നടന്മാര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായാല്‍ ആരും ഗൗനിക്കാറില്ലെന്നും മന്ത്രി പറഞ്ഞു. പുണെയില്‍ നടന്ന റാലിയിലാണ് വര്‍ഗീയ വിദ്വേഷവുമായി റാണെ രംഗത്തെത്തിയത്.
ആശുപത്രിയില്‍ താന്‍ കാണാന്‍ പോയപ്പോള്‍ സെയ്ഫ് അലി ഖാന്‍ നൃത്തം വെക്കുന്നതായാണ് തനിക്ക് തോന്നിയതെന്നും സത്യത്തില്‍ ഇതൊക്കെ ഒരു അഭിനയമായി തോന്നുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
ജിതേന്ദ്ര അവ്ഹദും സുപ്രിയ സുലെയും (എന്‍സിപി-എസ്പി) ഒന്നും പറയാന്‍ മുന്നോട്ട് വന്നില്ല, സെയ്ഫ് അലി ഖാനെയും ഷാരൂഖ് ഖാന്റെ മകനെയും നവാബ് മാലിക്കിനെയും കുറിച്ച് മാത്രമാണ് അവര്‍ക്ക് ആശങ്കയുള്ളത്. ഏതെങ്കിലും ഹിന്ദു കലാകാരനെ കുറിച്ച് അവര്‍ വിഷമിക്കുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. ഈ കാര്യങ്ങളെല്ലാം നിങ്ങള്‍ (മാധ്യമങ്ങള്‍) ശ്രദ്ധിക്കണം.വാക്കറോ വീല്‍ ചെയറോ ഇല്ലാതെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ സെയ്ഫ് അലി ഖാന്റെ ഫിറ്റ്നസില്‍ ശിവസേന നേതാവ് സഞ്ജയ് നിരുപം അത്ഭുതം പ്രകടിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് റാണെയുടെ പ്രസ്താവന.