കുവൈറ്റിലെ സ്‌കൂളുകളില്‍ ചപ്പാത്തിയും സമൂസയും വില്‍ക്കുന്നതിന് വിലക്ക്
കുവൈറ്റ് സിറ്റി: രാജ്യത്തെ വിദ്യാലയങ്ങളില്‍ ചപ്പാത്തിയും സമൂസയും വില്‍ക്കുന്നതിന് കുവൈറ്റ് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തി. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനും വിദ്യാലയങ്ങള്‍ക്കുള്ളിലെ അനാരോഗ്യകരമായ ഭക്ഷണ പാനീയങ്ങള്‍ നിയന്ത്രിക്കാനും ഉദ്ദേശിച്ചുള്ള കഫറ്റീരിയ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം സാധനങ്ങളുടെ വിദ്യാലയ കഫ്റ്റീരിയകളിലെ വില്‍പ്പനയെന്ന് അധികൃതര്‍ അറിയിച്ചു.
കഫ്റ്റീരിയകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ചപ്പാത്തി, സമൂസ, സ്റ്റഫ് ചെയ്ത മുന്തിരി ഇലകള്‍, പിസ്സ എന്നിവ അനുവദനീയമല്ല. വിദ്യാര്‍ഥികളുടെ സുരക്ഷയും ക്ഷേമവും പിന്തുണയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വിദ്യാലയങ്ങള്‍ക്കും കഫ്റ്റീരിയ നടത്തിപ്പുകാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുവൈറ്റില്‍ കുട്ടികള്‍ക്കിടയിലെ അമിത വണ്ണം വലിയ തോതില്‍ വര്‍ധിച്ചുവരുന്നതായി അടുത്ത കാലത്ത് നടന്ന പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് തടയാന്‍ വിദ്യാലയങ്ങളിലെ കഫ്റ്റീരിയകളില്‍ വില്‍ക്കാവുന്നതും വില്‍ക്കാന്‍ പാടില്ലാത്തതുമായ ഉല്‍പ്പന്നങ്ങളുടെ വ്യക്തമായ പട്ടിക അധികൃതര്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.
വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. എനര്‍ജി ഡ്രിങ്കുകളും ശീതളപാനീയങ്ങളും ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ പല സ്‌കൂള്‍ കഫ്റ്റീരിയകളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.