സൽമാൻ നിസാറും പുറത്ത്, കേരളത്തിന് 5 വിക്കറ്റുകൾ നഷ്ടമായി; ലീഡിനായി പൊരുതുന്നു

രഞ്ജി ട്രോഫി ഫൈനലിൽ ഒന്നാമിന്നിംഗ്സിൽ ബാറ്റിംഗ് തുടരുന്ന കേരളത്തിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ടൂർണമെന്റിൽ കേരളത്തിന്റെ ടോപ് സ്കോററായ സൽമാൻ നിസാറാണ് ഒടുവിൽ പുറത്തായത്. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ കേരളം 5 വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് എന്ന നിലയിലാണ്
വിദർഭയുടെ ഒന്നാമിന്നിംഗ്സ് സ്കോറിനേക്കാൽ 160 റൺസ് പിന്നിലാണ് കേരളം ഇപ്പോഴും. ഒന്നാമിന്നിംഗ്സിൽ ലീഡ് നേടാനായാണ് കേരളത്തിന്റെ പോരാട്ടം. നായകൻ സച്ചിൻ ബേബി അർധസെഞ്ച്വറിയുമായി ക്രീസിലുള്ളതാണ് കേരളത്തിന്റെ പ്രതീക്ഷ. 3ന് 131 റൺസ് എന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്
സ്കോർ 170ൽ നിൽക്കെ കേരളത്തിന് നാലാം വിക്കറ്റ് നഷ്ടമായി. 79 റൺസുമായി ആദിത്യ സർവതെ പുറത്ത്. 185 പന്തിൽ 10 ഫോറുകൾ സഹിതമാണ് സർവതെ 79 റൺസ് എടുത്തത്. പിന്നാലെ വന്ന സൽമാൻ നിസാറിനൊപ്പം ചേർന്ന് സച്ചിൻ ബേബി സ്കോറിംഗിന്റെ വേഗത വർധിപ്പിച്ചെങ്കിലും ലഞ്ചിന് തൊട്ടുമുമ്പ് സൽമാനും മടങ്ങി. 42 പന്തിൽ 3 ഫോറുകൾ സഹിതം 21 റൺസാണ് സൽമാൻ സ്വന്തമാക്കിയത്
സച്ചിൻ ബേബി അർധ സെഞ്ച്വറിയുമായി ക്രീസിലുണ്ട്. 109 പന്തിൽ 6 ഫോറുകൾ സഹിതം 52 റൺസാണ് കേരള നായകന്റെ സമ്പാദ്യം. വിദർഭക്കായി ദർശൻ നൽകണ്ടയും ഹർഷ് ദുബെയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. യാഷ് താക്കൂറിനാണ് ഒരു വിക്കറ്റ്. പിച്ച് പതിയെ സ്പിന്നിന് അനുകൂലമാകുന്നതാണ് കാണുന്നത്. ഒന്നാമിന്നിംഗ്സിൽ ലീഡ് നേടാനായി കേരളം കനത്ത പ്രതിരോധം തന്നെ തീർക്കേണ്ടതായി വരും.