സാമുവൽ ജെറോം മധ്യസ്ഥത എന്ന പേരിൽ പണം കവരുന്നു, സത്യം തെളിയിക്കും: തലാലിന്റെ സഹോദരൻ

നിമിഷപ്രിയയുടെ മോചനത്തിൽ അനിശ്ചിത്വം തുടരുന്നതിനിടെ സാമുവൽ ജെറോമിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. സാമുവൽ ജെറോം മധ്യസ്ഥത എന്ന പേരിൽ പണം കവർന്നെന്നും നിമിഷപ്രിയയുടെ മോചനവിഷയത്തിൽ സാമുവൽ ജെറോം തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അബ്ദുൽ ഫത്താഹ് മെഹ്ദി ഫേസ്ബുക്കിൽ കുറിച്ചു
അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തർജിമ ചെയ്താണ് പങ്കുവെച്ചിരിക്കുന്നത്. സാമുവൽ ജെറോം തങ്ങളുമായി കാണുകയോ ബന്ധപ്പെടുകയോ ഒരു മെസേജ് പോലും അയക്കുകയോ ചെയ്തിട്ടില്ല. മറിച്ചാണെങ്കിൽ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും മെഹ്ദി ഫേസ്ബുക്കിൽ കുറിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷക്ക് പ്രസിഡന്റ് അംഗീകാരം നൽകിയതിന് പിന്നാലെ സാമുവൽ ജെറോമിനെ താൻ സനയിൽ വെച്ച് കണ്ടിരുന്നു. അന്ന് ഒരായിരം അഭിനന്ദനങ്ങൾ എന്നാണ് സാമുവൽ ജെറോം തന്നോട് പറഞ്ഞതെന്നും മെഹ്ദി പറയുന്നു. കേരള മാധ്യമങ്ങൾ പരിശോധിച്ചപ്പോഴാണ് മോചനത്തിനുള്ള പണമായി സാമുവൽ ജെറോം 20,000 ഡോളർ ശേഖരിക്കാൻ അഭ്യർഥിച്ച വിവരം അറിഞ്ഞതെന്നും വർഷങ്ങളായി ഇയാൾ മധ്യസ്ഥത എന്ന പേരിൽ വ്യാപാരം നടത്തുകയാണെന്നും മെഹ്ദി ഫേസ്ബുക്കിൽ കുറിച്ചു.