താമര വിട്ട് കൈ പിടിച്ച് സന്ദീപ് വാര്യർ; കോൺഗ്രസിലേക്ക് സ്വീകരിച്ച് നേതാക്കൾ
ബിജെപി വിട്ട സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കെപിസിസി നേതൃത്വത്തിന്റെ വാർത്താ സമ്മേളനം നടക്കുന്നതിനിടെയാണ് മുദ്രവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വാര്യർ വേദിയിലേക്ക് എത്തിയത്. നേതാക്കൾ കൈ കൊടുത്തും ഷാൾ അണിയിച്ചും ആലിംഗനം ചെയ്തും സന്ദീപിനെ സ്വീകരിച്ചു. വേദിയിൽ നേതാക്കൾക്കൊപ്പം സന്ദീപിന് ഇരിപ്പടം നൽകുകയും ചെയ്തു
സിപിഎമ്മിലേക്കും സിപിഐയിലേക്കും സന്ദീപ് വാര്യർ പോകുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ ഒടുവിൽ കോൺഗ്രസിൽ ചേരുകയായിരുന്നു സന്ദീപ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ക്യാമ്പിൽ നിന്ന് മോചിതനാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ള നേതാക്കളും സന്ദീപ് വാര്യരെ സ്വീകരിക്കാനുണ്ടായിരുന്നു
കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചർച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിർണായക നീക്കം. പാലക്കാട് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയ നീക്കം. ഇന്നലെ രാത്രിയോടെ എഐസിസിയും സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകുകയായിരുന്നു. ബിജെപിക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കിയാണ് സന്ദീപ് പാർട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാർട്ടിയിൽ നിന്ന് നേരിടുന്ന അവഗണനയുമാണ് ബിജെപി വിടാൻ കാരണമായത്