സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണം; ആർജി കർ വിധിക്കെതിരെ ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ. യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തമാണ് ഇന്നലെ കൊൽക്കത്ത സീൽഡ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. സർക്കാരിനെ വിമർശിച്ച് കൊണ്ടുള്ള പരാമർശവും കോടതി വിധിയിലുണ്ടായിരുന്നു.
പെൺകുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീസുരക്ഷയിൽ സർക്കാർ പരാജയമെന്നും ശിക്ഷാവിധിയിൽ കോടതി പറഞ്ഞിരുന്നു. ആർ ജി കർ ആശുപത്രിയിലെ സംഭവത്തോടെ രാജ്യമാകെ ഡോക്ടർമാർ വലിയ പ്രതിഷേധമുയർത്തിയിരുന്നു. കേസിന്റെ പ്രാരംഭ അന്വേഷണത്തിൽ പശ്ചിമ ബംഗാൾ പോലീസ് പരാജയപ്പെട്ടെന്നുള്ള ഗുരുതര ആക്ഷേപവും ഉയർന്നിരുന്നു. തുടർന്നാണ് കൊൽക്കത്ത ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിച്ചത്.
കുറ്റകൃത്യം സംഭവിച്ച് അഞ്ചര മാസം പൂർത്തിയാകുമ്പോഴാണ് കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി ജീവിതകാലം മുഴുവനും ജയിലിൽ തുടരണം. പ്രതി 50000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു.