Sports

ആ മഹാമണ്ടത്തരം സഞ്ജു തിരിച്ചറിഞ്ഞു; ടീമിലേക്ക് വരാന്‍ തയ്യാറാണെന്ന്; ആയിട്ടില്ലെന്ന് ടീം മാനേജ്‌മെന്റ്

വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു കളിക്കുമോ

സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമാണ് 2024. എന്നാല്‍, വര്‍ഷാവസാനം ആയതോടെ സഞ്ജു തന്നെ തന്റെ ഭാവി അവതാളത്തിലാക്കുന്ന ഒരു തീരുമാനം എടുത്തിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയടക്കമുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ സെലക്റ്റ് ചെയ്യുന്ന സമയത്ത് രാജ്യത്ത് നടക്കുന്ന ഏറ്റവും സുപ്രധാനമായ മത്സരത്തില്‍ നിന്ന് വിട്ടു നിന്നതാണ് സഞ്ജു ചെയ്ത ഏറ്റവും വലിയ മണ്ടത്തരം.

ബി സി സി ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ ഒ ഡി ഐ ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ നിന്നായിരുന്നു സഞ്ജു വിട്ടുനിന്നത്. നിരന്തരമായ മത്സരങ്ങള്‍ക്ക് ശേഷം അദ്ദേഹം അവധിയെടുക്കുകയായിരുന്നു. എന്നാല്‍ സഞ്ജുവിന്റെ അഭാവം മുതലെടുത്ത് ഇന്ത്യന്‍ ടീമിലേക്ക് ഊഴം കാത്തിരിക്കുന്ന യുവതാരങ്ങളെല്ലാം ഈ മത്സരത്തില്‍ കളിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഇതോടെ സഞ്ജുവിന് പകരം മറ്റ് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന പ്രചാരണവും നടന്നു. ഇതോടെയാണ് സഞ്ജു തന്റെ അവധി വെട്ടിക്കുറച്ച് കേരളാ ടീമിന് വേണ്ടി മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.

കേരളാ ടീം ക്യാപ്റ്റനായി ആഴ്ചകള്‍ക്ക് മുമ്പ് നടന്ന മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു മത്സരിച്ചിരുന്നു. ടി20 ഫോര്‍മാറ്റിലുള്ള മത്സരമായിരുന്നു ഇത്. അതിന് മുമ്പ് ദക്ഷിണാഫ്രിക്കയിലേക്കുള്ള ഇന്ത്യന്‍ ടീമിലും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും സഞ്ജു പാഡ് അണിഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയും ബംഗ്ലാദേശിനെതിരെയും സഞ്ജു നേടിയ സെഞ്ച്വറി അദ്ദേഹത്തിന്റെ ബാറ്റിംഗ് നിലവാരം മെച്ചപ്പെടുത്തി. മോശമല്ലാത്ത പ്രകടനം മുഷ്താഖ് അലി ട്രോഫിയിലും അദ്ദേഹം നടത്തി.

ഇനിയുള്ള മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടണമെങ്കില്‍ വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് സഞ്ജുവിനെ സംബന്ധിച്ചെടുത്തോളം അനിവാര്യമായ കാര്യമായതിനാല്‍ ടീമില്‍ ഇടം പിടിക്കുകയെന്നത് അദ്ദേഹത്തിന് നിര്‍ണായകമാണ്.

EMBLOM

അതേസമയം, ടീമിനൊപ്പം ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സഞ്ജു തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തീരുമാനമൊന്നും ആയിട്ടില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള കേരളാ ടീം ഹൈദരബാദില്‍ ക്യാമ്പ് ചെയ്യുകയാണ്. രണ്ട് മത്സരങ്ങള്‍ ഇതിനകം കേരളം കളിക്കുകയും ചെയ്തു. ഇനി ടീമില്‍ ഇടം പിടിക്കണമെങ്കില്‍ അസോസിയേഷന്റെ തീരുമാനം നിര്‍ണായകമാണ്. കേരളാ ടീമിനൊപ്പം ചേരാതെ അവധി ആഘോഷിച്ച സഞ്ജുവിനെ അസോസിയേഷന്‍ ഭാരവാഹികള്‍ തഴയുമോ ഇല്ലയോയെന്ന് കണ്ടറിയണം.

Related Articles

Back to top button
error: Content is protected !!