നിരന്തരമായി ടൂര്‍ണമെന്റുകളില്‍ കളിച്ചതുകൊണ്ടാകാം സഞ്ജു ഒന്ന് വിട്ടുനിന്നത്. ദുബൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാന്‍ പോയ സഞ്ജു ചെയ്തത് വലിയ മണ്ടത്തരമാണെന്നാണ് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.
വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ കുപ്പായം അണിയാനുള്ള സുവര്‍ണാവസരമാണ് സഞ്ജു പാഴാക്കിക്കൊണ്ടിരിക്കുന്നത്. സഞ്ജുവിന് മികച്ച പ്രകടനം കാഴ്ച വെക്കാമായിരുന്ന ബി സി സി ഐയുടെ ഔദ്യോഗിക ഏകദിന ടൂര്‍ണമെന്റില്‍ സഞ്ജുവിന് പകരം കേരളത്തെ നയിക്കുന്നത് സല്മാന് നിസാറാണ്. വിക്കറ്റ് കാക്കുന്നത് അജിനാസും.
ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള സെലക്ഷന് കാത്തിരിക്കുന്ന ഇന്ത്യന്‍ താരങ്ങളെല്ലാം അവരുടെ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഗ്രൗണ്ടിലിറങ്ങുമ്പോഴാണ് സഞ്ജു അവധി ആഘോഷിക്കുന്നതെന്നതും ഖേദകരം തന്നെയാണ്. സഞ്ജു സാംസണ് വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. സെലക്ഷന് കമ്മിറ്റിക്ക് മുന്നില്‍ സഞ്ജുവിന് പകരം ചോയ്സ് വരാന്‍ സാധ്യതയുള്ള ശ്രേയസ് അയ്യര്‍ മുംബൈയെ നയിക്കുന്നുണ്ട്. ഇന്ന് നടന്ന മത്സരത്തില്‍ കര്‍ണാടകക്കെതിരെ വെടിക്കെട്ട് ബാറ്റിംഗും താരം നടത്തിയിട്ടുണ്ട്. 50 പന്തില്‍ നിന്ന് സെഞ്ച്വറിയെടുത്ത അയ്യര്‍ ഇന്ത്യന്‍ ടീമിലേക്കുള്ള ബര്‍ത്ത് ഉറപ്പിച്ചുവെന്ന് തന്നെ പറയാം.
ശ്രേയസ് അയ്യറെ കൂടാതെ ദുബെയടക്കമുള്ള താരങ്ങളും വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
ടി20യില്‍ മൂന്ന് സെഞ്ച്വറി നേടിയ സാഹചര്യത്തില്‍ അവന്റെ അടുത്ത ചിന്ത ഏകദിനത്തിലേക്കായിരിക്കണം. റിഷഭ് പന്ത് ഏകദിനത്തില്‍ അഭിവാജ്യ ഘടകമല്ല.ഈ സാഹചര്യത്തില്‍ സഞ്ജു വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ച് മികവ് കാട്ടണമായിരുന്നുവെന്നും മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര വ്യക്തമാക്കി. അല്ലാത്ത പക്ഷം ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജുവിന് ഇടം നേടിയെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇപ്പോള്‍ സഞ്ജു ഈ പദ്ധതികളുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.