ആലപ്പുഴ: ഇനി മത്തികൊണ്ടുള്ള ആറാട്ടായിരിക്കും അടുക്കളകളില്‍. രാവിലെ മത്തിക്കറി, ഉച്ചക്ക് മത്തി ഫ്രൈ, വൈകുന്നേരം മത്തി മുളകിട്ട് വെള്ളപ്പം, രാത്രി വീണ്ടും മത്തി തോരന്‍ തുടങ്ങി കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ഇനി മത്തി ബിരിയാണിയും മത്തി കേക്കും ഒരുപക്ഷെ കേരളത്തില്‍ ഉണ്ടായേക്കാം. ഏതാനും ദിവസം മുമ്പ് വരെ കിലോക്ക് 400 രൂപയായിരുന്ന മത്തിയുടെ വില പതിനഞ്ച് രൂപയിലേക്ക് കൂപ്പുകുത്തിയതോടെയാണ് ഇത്തരമൊരു ചര്‍ച്ച.
ആഴ്ചകള്‍ക്ക് മുന്‍പ് വരെ പൊന്നുംവിലയായിരുന്നു മത്തിക്കെങ്കില്‍ ഇപ്പോള്‍ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇതോടെ മത്തിയുടെ അഹങ്കാരം അങ്ങ് പോയിക്കിട്ടി. ഇന്നലെ ചെല്ലാനം ഹാര്‍ബറില്‍ നിന്ന് മൊത്ത ഏജന്‍സികള്‍ മത്തി എടുത്തത് വെറും 15 രൂപയ്ക്കാണ് എന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കടലില്‍ നിന്ന് ലഭിക്കുന്ന മത്തിയുടെ അളവ് കൂടിയതോടെയാണ് വിലയില്‍ ഗണ്യമായ ഇടിവുണ്ടായിരിക്കുന്നത്. എന്നാല്‍ ഇത് ഹാര്‍ബറിലെ വിലയാണ്. പൊതുമാര്‍ക്കറ്റിലും മറ്റും 80-100 എന്ന വിലയ്ക്കാണ് മത്തി വില്‍ക്കുന്നത്. ചില മാര്‍ക്കറ്റുകളില്‍ 150 രൂപ വരെ ഈടാക്കുന്നതായും ഉപഭോക്താക്കള്‍ പറയുന്നു. അര്‍ത്തുങ്കല്‍ മുതല്‍ പള്ളിത്തോട് വരെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് വല നിറയെ മത്തി ലഭിച്ചെങ്കിലും വില കുറഞ്ഞത് തിരിച്ചടിയായി.
കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്, തൃശൂര്‍ കടപ്പുറങ്ങളില്‍ കരയിലേക്ക് മത്തി വന്ന് അടിയുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതില്‍ തന്നെ കടലില്‍ മത്തി ചാകര രൂപപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായിരുന്നു. എങ്കിലും റെക്കോഡ് വിലയില്‍ നിന്ന് ഇങ്ങനെയൊരു ഇടിവ് ആരും പ്രതീക്ഷിച്ചിരുന്നില്ല.