Kerala

ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് വീക്ഷണം ദിനപത്രം; പിന്തുണച്ച് ദേശാഭിമാനി, ജനയുഗം മുഖപ്രസംഗങ്ങൾ

കേരളത്തിന്റെ വ്യവസായിക വളർച്ചയെ പുകഴ്ത്തിയുള്ള ഡോ ശശി തരൂർ എംപിയുടെ ലേഖനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. വ്യവസായങ്ങളെ വെള്ള പുതച്ചവർക്ക് ശുദ്ധിപത്രം നൽകുന്നത് ആരാച്ചാർക്ക് അഹിംസാ അവാർഡ് നൽകുന്നതുപോലെയാണെന്ന് ലേഖനം വിമർശിക്കുന്നു. അനാവശ്യ വിവാദം സൃഷ്ടിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ കുരുതി കൊടുക്കരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

എൽഡിഎഫിനെതിരെ പോരാടുന്ന കോൺഗ്രസിനെ മുണ്ടിൽ പിടിച്ചു പുറകോട്ട് വലിക്കുന്നത് ആത്മഹത്യാപരമാണ്. കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയത് സിപിഎമ്മാണ്. വ്യവസായങ്ങളെ വെള്ള പുതച്ചവർക്ക് ശുദ്ധിപത്രം നൽകുന്നത് ആരാച്ചാർക്ക് അഹിംസാ അവാർഡ് നൽകുന്നതു പോലെയെന്നും വീക്ഷണം വിമർശിച്ചു.

അതിനിടെ സിപിഎം മുഖപത്രം ദേശാഭിമാനിയും സിപിഐ മുഖപത്രം ജനയുഗവും ശശി തരൂരിനെ പിന്തുണച്ചു. കോൺഗ്രസിനെ വിമർശിച്ചാണ് ദേശാഭിമാനിയുടെ മുഖപത്രം. ഈ നാട്ടിൽ ഒന്നും സംഭവിക്കുന്നില്ല എന്ന് പറയാൻ അസാമാന്യ തൊലിക്കട്ടിയും ഉളുപ്പും വേണം. പ്രതിപക്ഷ നേതാവും ഒരുപറ്റം കോൺഗ്രസുകാരും ചില മാധ്യമങ്ങളും ഈ ഗണത്തിൽപ്പെടും. ശശി തരൂരിനെയും ഇക്കൂട്ടർ തള്ളിപ്പറയുന്നുവെന്ന് ദേശാഭിമാനി കുറ്റപ്പെടുത്തുന്നു.

ഒന്നിനെയും അംഗീകരിക്കില്ല എന്നതാണ് ഇവരുടെ നയമെന്നും കേന്ദ്രം കേരളത്തെ ദ്രോഹിക്കുമ്പോൾ കയ്യടിക്കുന്നുവെന്നും മുഖുപത്രത്തിൽ വിമർശിക്കുന്നു.. ഈ നീച മനസ്ഥിതി കേരളം തിരിച്ചറിയണമെന്ന് ദേശാഭിമാനി പറയുന്നു. ശശി തരൂരിന്റെ അഭിപ്രായം യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നതെന്ന് ജനയുഗത്തിന്റെ മുഖപത്രത്തിൽ പറയുന്നു. വ്യക്തികളെയോ എൽഡിഎഫ് നേതാക്കളെയോ പ്രീണിപ്പിക്കുന്നതല്ല തരൂരിന്റെ ലേഖനമെന്നും ജനയുഗം പറയുന്നു.

 

Related Articles

Back to top button
error: Content is protected !!