പ്രസംഗം തടസ്സപ്പെടുത്തിയെന്ന് സതീശൻ, ഇല്ലെന്ന് സ്പീക്കർ; നിയമസഭ ബഹളത്തിൽ മുങ്ങി, സഭ പിരിഞ്ഞു
![](https://metrojournalonline.com/wp-content/uploads/2024/09/assembly-1-780x470.webp)
നിയമസഭയിൽ സ്പീക്കർ തന്റെ പ്രസംഗം തുടർച്ചയായി തടസ്സപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ്. ഇന്ന് അടിയന്തര പ്രമേയ അവതരണത്തിനിടെയാണ് സംഭവം. എന്നാൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ആദ്യ ഒമ്പത് മിനിറ്റ് തടസ്സപ്പെടുത്തിയതേയില്ലെന്ന് പറഞ്ഞ സ്പീക്കർ എഎൻ ഷംസീർ ആരോപണം നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു
പിന്നാലെ സഭ പ്രക്ഷുബ്ധമായി. ഇതോടെ സഭയിലെ ഓഡിയോ മ്യൂട്ട് ചെയ്തു. പിന്നീട് സഭാ നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു. ഇനി മാർച്ച് മൂന്നിനാണ് വീണ്ടും നിയമസഭ സമ്മേളിക്കുക. എസ് സി, എസ്ടി വിഭാഗങ്ങൾക്കായുള്ള ഫണ്ടും സ്‌കോളർഷിപ്പും പദ്ധതി വിഹിതം സംസ്ഥാന ബജറ്റിൽ വെട്ടിക്കുറച്ചെന്ന് ആരോപിച്ച് എപി അനിൽകുമാറാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്
ഒന്നും നടക്കുന്നില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് മന്ത്രി കേളു വിശദീകരിച്ചു. വരുമാനപരിധി നോക്കാതെയാണ് കുട്ടികൾക്ക് ആനുകൂല്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ സംസാരിച്ച പ്രതിപക്ഷ നേതാവ് ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് ദളിത് വിഭാഗത്തെ ബാധിച്ചെന്ന് വിമർശിച്ചു.