സതീഷ് വിവാഹത്തിന് എത്തിയത് മദ്യപിച്ച്; നിശ്ചയം കഴിഞ്ഞപ്പോഴെ സ്വഭാവം മനസിലായെന്ന് അതുല്യയുടെ പിതാവ്

ഷാർജയിൽ അതുല്യയെന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി അതുല്യയുടെ പിതാവ് എസ് രാജശേഖര പിള്ള. ബാറിൽ കയറി മദ്യപിച്ചതിന് ശേഷമാണ് സതീഷ് ശങ്കർ സ്വന്തം വിവാഹത്തിന് എത്തിയതെന്ന് രാജശേഖര പിള്ള ആരോപിച്ചു.
അതുല്യയെ ഇഷ്ടമാണെന്ന് സതീഷ് ശങ്കർ ബന്ധുക്കളോട് പറയുകയായിരുന്നു. അതുല്യക്ക് അന്ന് 17 വയസായിരുന്നു പ്രായം. എന്റെ ഭാര്യയുടെ ആങ്ങളയുടെ ഭാര്യയോടാണ് സതീഷ് ഇക്കാര്യം പറയുന്നത്. പിന്നാലെ സതീഷിന്റെ അമ്മ വന്ന് വിവാഹം ആലോചിച്ചു. നിശ്ചയം കഴിഞ്ഞപ്പോൾ തന്നെ സതീഷിന്റെ സ്വഭാവത്തിലെ പ്രശ്‌നം മനസിലായെന്നും രാജശേഖര പിള്ള പറഞ്ഞു
വിവാഹത്തിന് മദ്യപിച്ചാണ് വന്നത്. വിവാഹ പാർട്ടിയുടെ വാഹനം വരാൻ വൈകി. സതീഷിന്റെ മുഖം കണ്ടപ്പോൾ തന്നെ മദ്യപിച്ചെന്ന് മനസിലായി. വിവാഹത്തിൽ നിന്ന് പിൻമാറിയാൻ കിണറ്റിൽ ചാടി മരിക്കുമെന്ന് സതീഷിന്റെ അമ്മ പറഞ്ഞെന്നും രാജശേഖര പിള്ള പറഞ്ഞു.
എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സതീഷിന്റെ അമ്മ ഉഷാദേവി പ്രതികരിച്ചു. അതുല്യ മരിച്ചതിൽ വിഷമമുണ്ട്. അഞ്ച് വർഷമായി മകൻ തന്നോട് സംസാരിച്ചിട്ട്. മകന്റെയോ മരുമകളുടെയോ കാര്യത്തിൽ ഇടപെടാൻ പോയിട്ടില്ല. ജേഷ്ഠ്യൻ മരിച്ചപ്പോഴും സതീഷ് നാട്ടിൽ വന്നില്ല. വിവാഹത്തിന് ശേഷം വീട്ടിൽ നിന്ന് തന്നെ സതീഷ് പോയെന്നും ഉഷാദേവി പറഞ്ഞു