നീതിയുക്തമായ തൊഴില്‍ സാഹചര്യം സംരക്ഷിക്കാന്‍ ദേശീയ നയം പ്രഖ്യാപിച്ച് സഊദി; നിര്‍ബന്ധിത തൊഴില്‍ എന്നത് ഇനി ഓര്‍മയാവും
റിയാദ്: രാജ്യത്ത് ജീവിക്കുന്ന മുഴുവന്‍ പൗരന്മാര്‍ക്കും നീതിയുക്തമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കുന്ന ചരിത്രപരമായ ദേശീയ നയം പ്രഖ്യാപിച്ച് സഊദി അറേബ്യ. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ദേശീയ നയം പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍ബന്ധിത തൊഴില്‍ എന്നത് ഇല്ലാതായാല്‍ ഇത്തരം ഒരു നയം നടപ്പാക്കുന്ന ആദ്യ അറബ് രാജ്യമായി സഊദി മാറും.
ലോക തൊഴിലാളി സംഘടനയുടെ 2014ലെ പ്രോട്ടോകോള്‍ അംഗീകരിക്കുന്ന ജിസിസിയിലെ ആദ്യ രാജ്യമെന്ന പദവിയും സഊദിക്ക് മാത്രം അവകാശപ്പെട്ടതാവും. പ്രധാനമായും രാജ്യത്ത് പലയിടത്തും നിലനില്‍ക്കുന്ന നിര്‍ബന്ധിത തൊഴില്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് നയം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് എല്ലാവര്‍ക്കും ജീവിക്കാനും ജോലിചെയ്യാനുമുള്ള സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് ദേശീയനയം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് തൊഴില്‍ അന്തരീക്ഷ-നിയന്ത്രണ-വികസന വിഭാഗം ഉപമന്ത്രി സത്താം അല്‍ ഹര്‍ബി വ്യ്ക്തമാക്കി. എല്ലാവര്‍ക്കും ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനാണ് ദേശീയ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.