വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് സൗദി ലൈസന്‍സ് അനുവദിച്ചു

റിയാദ്: വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും പരിപാലനത്തിനും മറ്റുമായി പുതിയ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുകള്‍ അനുവദിച്ചതായി സൗദി ഇന്‍ഡസ്ട്രി ആന്‍ഡ് മിനറല്‍ റിസോഴ്‌സസ് മന്ത്രാലയം വെളിപ്പെടുത്തി. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് സെന്ററിനു കീഴില്‍ മന്ത്രാലയത്തിന്റെ രക്ഷാകര്‍ത്വത്തില്‍ നടക്കുന്ന പ്രഥമ എയ്‌റോസ്‌പേസ് കണക്ട് ഫോറത്തിലാണ് പുതിയ ലൈസന്‍സ് അനുവദിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കിയത്.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായും ജനറല്‍ അതോറിറ്റി ഫോര്‍ മിലിറ്ററി ഇന്‍ഡസ്ട്രീസുമായും ചേര്‍ന്നുകൊണ്ടാണ് വ്യവസായ ധാതു മന്ത്രാലയം ലൈസന്‍സുകള്‍ നല്‍കുന്നത്. വിമാനങ്ങളുടെയും ഡ്രോണുകളുടെയും അറ്റകുറ്റപ്പണികള്‍, ഇലക്ട്രോണിക് സംവിധാനത്തില്‍ വരുന്ന സര്‍വീസുകള്‍, വിമാനങ്ങളുടെ സമഗ്രമായ ഓപ്പറേഷന്‍ തലത്തില്‍ വരുന്ന ജോലികള്‍ ഇവയെല്ലാം നിര്‍വഹിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ ലൈസന്‍സ് സംവിധാനമെന്നും മന്ത്രാലയം പറഞ്ഞു.