സൗദി പ്രതിരോധ മന്ത്രി യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്മാന് രാജകുമാരന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുമായും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്സുമായും വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി. ഇന്നലെയാണ് ഖാലിദ് രാജകുമാരന് യുഎസ് നേതാക്കളുമായി മേഖലയുടെ സുരക്ഷ വിഷയങ്ങളും മേഖലകളില്‍ സമാധാനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച നടത്തിയത്.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഊഷ്മളമായ ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ തന്ത്രപരമായ നയങ്ങളുമെല്ലാം ചര്‍ച്ചയായതാണ് വിവരം. രാജ്യത്തിന്റെ പ്രതിരോധം, സുരക്ഷ, നയതന്ത്രം തുടങ്ങിയ മേഖലകളിലെല്ലാം ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന് ഖാലിദ് രാജകുമാരനും റൂബിയോയും ചര്‍ച്ചയില്‍ ഊന്നുപ്പറഞ്ഞു. രാജ്യാന്തര സുരക്ഷയും മേഖലയുടെ സുരക്ഷയും നിലനിര്‍ത്താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും യുഎസും സൗദിയും തീരുമാനിച്ചു.