സഊദി ഓര്‍ക്കസ്ട്ര കണ്‍സേര്‍ട്ടിന് 16ന് തുടക്കമാവും
റിയാദ്: സഊദിയുടെ മ്യൂസിക് കമ്മിഷന്‍ മാര്‍വല്‍സ് ഓഫ് സഊദി ഓര്‍ക്കസ്ട്ര എന്ന കണ്‍സേര്‍ട്ടിന് റിയാദില്‍ അതിഥ്യമരുളും. ആദ്യമായാണ് റിയാദില്‍ ഈ കണ്‍സേര്‍ട്ട് നടക്കുന്നത്. കിംങ് ഫഹദ് കള്‍ച്ചറല്‍ സെന്ററിലാണ് 16ന് സംഗീത വിരുന്നിന് തുടക്കമാവുക. സൗദിയുടെ സംഗീത പാരമ്പര്യത്തെയും തദ്ദേശീയരായ കാണികളെയും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സാംസ്‌കാരിക മന്ത്രിയും മ്യൂസിക് കമ്മിഷന്‍ ചെയര്‍മാനുമായ ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ മൂന്നു ദിവസം നീളുന്ന പരിപാടി സംഘടിപ്പിക്കുന്നത്.
സഊദി നാഷ്ണല്‍ ഓര്‍ക്കസ്ട്ര ആന്റ് കൊയറിന്റെ രാജ്യാന്തര ടൂറിന്റെ ആറാമത്തെ വേദിയാണ് റിയാദിലേതെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സഊദിയുടെ സംഗീത പാരമ്പര്യം ലോക വേദികളില്‍ എത്തിക്കാനുളളതാണ് ഈ സംഗീത പരിപാടി. മെക്‌സികോ, ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്കിയോ എന്നിവിടങ്ങളിലെ അഞ്ചു വേദികള്‍ക്ക് ശേഷമാണ് റിയാദിലേക്കു എത്തുന്നതെന്നും ഏജന്‍സി വ്യക്തമാക്കി.