തിരുവണ്ണാമലൈയില്‍ വീണ്ടും ഉരുള്‍പ്പൊട്ടി; കാണാതായ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടിയ തമിഴ്‌നാട്ടിലെ ക്ഷേത്ര നഗരമായ തിരുവണ്ണാമലൈയില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. ഞായറാഴ്ച വൈകുന്നേരത്തെ ഉരുള്‍പ്പൊട്ടലിന് ശേഷം ഇന്ന് വൈകുന്നേരവും ഉരുള്‍പ്പൊട്ടല്‍ റിപോര്‍ട്ട് ചെയ്തു. ആദ്യത്തെ ഉരുള്‍പ്പൊട്ടലില്‍ കാണാതായ ഏഴ് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയായിരുന്നു രണ്ടാമത്തെ ഉരുള്‍പ്പൊട്ടല്‍. ഇതേതുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായെങ്കിലും ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഏഴ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ക്ഷേത്രത്തിന്റെ സമീപത്താണ് രണ്ടാമത്തെ ഉരുൾപ്പൊട്ടൽ റിപോർട്ട് ചെയ്തത്.
വടക്കന്‍ തമിഴ്‌നാട്ടിലെ വില്ലുപുറം ജില്ലയില്‍ ഇപ്പോഴും മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. പ്രധാന റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനെ തുടര്‍ന്ന് പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരിത ബാധിത മേഖലകളിലേക്ക് എത്താന്‍ സാധിക്കുന്നില്ലെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
പശ്ചിമ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി, ധര്‍മപുരി ജില്ലകളും പ്രളയ ദുരിതത്തിലാണ്. 24 മണിക്കൂറിനിടെ ഇവിടെ 50 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്.
അതിനിടെ, ഉത്തന്‍ഗിരിയിലെ ബസ് സ്റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബസുകള്‍ ഒലിച്ചുപോകുന്നതിന്റെ ഭീകരമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഫെഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് തമിഴ്‌നാട് വെള്ളത്തിനടിയിലായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇവിടെ സംഭവിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഞായറാഴ്ച രാത്രി തിരുവണ്ണാമലൈയില്‍ വീടുകള്‍ക്ക് മേല്‍ പാറകളും മണ്ണും ഒലിച്ച് വന്ന് അപകടമുണ്ടായിരുന്നു. കുന്നിന്റെ താഴത്തെ ചരിവിലായിരുന്നു അപകടം. ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള ഒരു സംഘം വിദഗ്ധരുടെ സഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ കനത്ത മഴയും കുത്തിയൊലിച്ച് വന്ന ചെളിയും രക്ഷാപ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.