Kerala

എമ്പുരാൻ ഒടിടിയിൽ; ഔദ്യോ​ഗിക പ്രഖ്യാപനം നടത്തി നടൻ മോഹൻലാൽ

ആരാധകർ എറെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ എമ്പുരാൻ. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ഒടിടി വരവിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. റീ എഡിറ്റ് ചെയ്ത് തിയറ്ററുകളിൽ എത്തിയ പതിപ്പ് തന്നെയായിരിക്കും ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് എത്തുകയെന്ന് ചിത്രത്തിന്റെ എഡിറ്റർ അഖിലേഷ് മോഹൻ പറഞ്ഞിരുന്നു. സെൻസർ ബോർഡ് ഏറ്റവുമൊടുവിൽ അംഗീകരിച്ച പതിപ്പായിരിക്കും എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇനിയുണ്ടാവുകയെന്ന് അഖിലേഷ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ചിത്രം എന്ന് ഒടിടിയിൽ എത്തുമെന്നത് വ്യക്തമാക്കിയിരുന്നില്ല. ഒടിടിക്കുവേണ്ടിയുള്ള പണികള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നാണ് അഖിലേഷ് അന്ന് പറഞ്ഞത്. എന്നാൽ ഇതിനിടെയിൽ എമ്പുരാന്റെ ഒടിടി റിലീസ് ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയായിരിക്കും ചിത്രം സ്ട്രീം ചെയ്യുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഔദ്യോ​ഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. നടൻ മോഹൻലാൽ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഏപ്രിൽ 24 ന് ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുമെന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ താരം പറയുന്നത്.

അതേസമയം റിലീസ് ദിവസം തന്നെ വിവാദങ്ങളിൽ അകപ്പെട്ട ചിത്രമാണ് എമ്പുരാൻ. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ചില പരാമർശങ്ങൾ നടത്തിയതിനെ ചൂണ്ടികാട്ടിയായിരുന്നു വിവാദം. വിവാ​ദങ്ങൾക്കിടയിലും ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ കുതിച്ചിരുന്നു. ആദ്യ 48 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബിൽ ചിത്രം ഇടം പിടിച്ചിരുന്നു. 250 കോടിയാണ് ചിത്രം തിയറ്ററുകളിൽ നേടിയതെന്നാണ് ഔദ്യോ​ഗിക വിവരം.

പൃഥ്വിരാജ്, മോഹൻലാൽ എന്നിവരെക്കൂടാതെ ടൊവിനോ, മഞ്ജു വാര്യർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. മുരളി ​ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!