ഷൂട്ടിംഗിനിടെ കാലിന് ഗുരുതര പരുക്ക്; നഷ്ടപരിഹാരം തേടി നടി ശീതൾ തമ്പി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ചു
ഇന്ന് റിലീസായ ഫൂട്ടേജ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ നടി ശീതൾ തമ്പി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിനിമയുടെ നിർമാതാവ് കൂടിയായ മഞ്ജു വാര്യർക്കും പാർട്ണർ ബിനീഷ് ചന്ദ്രനും നോട്ടീസ് അയച്ചു. ഒരു മാസത്തിനുള്ളിൽ 5.75 കോടി രൂപ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്
മഞ്ജു വാര്യർക്ക് നിർമാണ പങ്കാളിത്തമുള്ള മൂവി ബക്കറ്റ് എന്ന നിർമാണ കമ്പനിയാണ് ചിത്രം നിർമിച്ചത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നതും മഞ്ജു വാര്യർ തന്നെയാണ്. നായാട്ട്, തിരികെ, ഇരട്ട തുടങ്ങിയ സിനിമകളിൽ അഭിനയിച്ച നടിയാണ് ശീതൾ തമ്പി
2023 മെയ് 20 മുതൽ 19 ദിവസമായിരുന്നു ഷൂട്ടിംഗിനായി ആവശ്യപ്പെട്ടിരുന്നത്. അഞ്ചടി താഴ്ചയിലേക്ക് ചാടുന്ന ഒരു രംഗം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടാണ് ശീതൾ കാര്യങ്ങൾ വിശദീകരിക്കുന്നത്. ചാടി വീഴുന്ന ഭാഗത്ത് ഫോം ബെഡ് വെച്ചിരുന്നു. ആദ്യ ചാട്ടത്തിൽ തന്നെ ബെഡ് സുരക്ഷിതമല്ലെന്ന് ക്രൂവിനെ അറിയിച്ചിരുന്നു. എന്നാൽ മൂന്ന് നാല് തവണ ചാടിയിട്ടും വീണ്ടും ചാടണമെന്ന് ആവശ്യപ്പെട്ടു
വീണ്ടും ചാടിയപ്പോൾ ബെഡ് ഒരു വശത്തേക്ക് നീങ്ങിപ്പോകുകയും അതിന് താഴെയുണ്ടായിരുന്ന കല്ലിനിടയിൽ കാൽ കുടുങ്ങുകയുമായിരുന്നു. കാൽ അനക്കാതെ വെക്കാൻ പോലുമുള്ള സംവിധാനങ്ങൾ ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്നില്ല. ആംബുലൻസോ ഫസ്റ്റ് എയ്ഡ് സംവിധാനങ്ങളുമുണ്ടായിരുന്നില്ല. ഇതിന്റെ ഫലമാണ് തന്റെ കാലിന് സംഭവിച്ചതെന്നും ശീതൾ തമ്പി പറയുന്നു
രണ്ട് ശസ്ത്രക്രിയ കാലിന് വേണ്ടി വന്നു. ജൂലൈ 8ന് മാത്രമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ബിൽ തുകയായ 8.13 ലക്ഷം രൂപ നിർമാണ കമ്പനി അടച്ചു. 2023 നവംബർ മാസം വരെ തുടർ ചികിത്സക്കായി 1.80 ലക്ഷം രൂപ നൽകി. തനിക്ക് ഇപ്പോഴും കാൽ കുത്തി നടക്കാൻ സാധിക്കുന്നില്ല. ചലചിത്ര നടിയാകാൻ ആഗ്രഹിച്ചിരുന്ന തനിക്ക് ഇത്തരമൊരു അവസ്ഥയിൽ കരിയർ തന്നെ നഷ്ടപ്പെട്ടു പോകുമെന്ന സ്ഥിതിയാണ്.
താൻ നേരിട്ട വിഷമതകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് മഞ്ജു വാര്യർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ തനിക്ക് പണം നൽകാനുള്ള കാര്യത്തെ കുറിച്ച് മൗനം തുടരുകയാണ്. ഇതിനാൽ 30 ദിവസത്തിനുള്ളിൽ 5.75 കോടി രൂപ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിയുമായി മുന്നോട്ടു പോകുമെന്നാണ് നോട്ടീസിൽ പറയുന്നത്.