മന്ത്രവാദത്തിന്‍റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക പീഡനം; പ്രതി പിടിയിൽ
വയനാട്: തിരുനെല്ലിയിൽ ആദിവാസി സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതി കസ്റ്റഡിയിൽ. പുളിമൂട് സ്വദേശി വര്‍ഗീസ് ആണ് പിടിയിലായത്. സംഭവത്തിൽ ആദിവാസി സ്ത്രീയുടെ പരാതിയിൽ തിരുനെല്ലി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ബലാത്സംഗം, പട്ടികജാതി പട്ടികവർഗ്ഗ അതിക്ര നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ആണ് കേസ്. പരാതിക്കാരിയുടെ മൊഴി പൊലീസ് എടുത്തിരുന്നു. മാനസിക പ്രശ്നമുള്ള തന്നെ മരുന്നു കഴിക്കുന്നതിൽ നിന്നും പീഡിപ്പിച്ചയാൾ വിലക്കിയെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കളും ഒത്തുതീർപ്പ് ഉണ്ടാക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും മരുന്ന് നൽകിയും മന്ത്രവാദ വസ്തുക്കൾ നൽകിയും ഒരു വർഷത്തോളം ക്രൂരമായി പീഡിപ്പിച്ചുവെന്നുമാണ് ആദിവാസി സ്ത്രീയുടെ പരാതി.
മന്ത്രവാദത്തിന്‍റെ പേരിൽ പീഡനം നടത്തിയെന്നാണാണ് പരാതി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പുറത്തു പറയാൻ ഭയന്നുവെന്നും തിരുനെല്ലി പൊലീസ് കേസ് ഒതുക്കാൻ ശ്രമിച്ചു എന്നും പരാതിക്കാരി ആരോപിച്ചു. 2023 ജൂണിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസ് ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു.