ഷഹബാസിന് നേരത്തെ ഭീഷണിയുണ്ടായിരുന്നു; മർദിച്ചവരെ അറിയാമെന്ന് സുഹൃത്തുക്കൾ

താമരശ്ശേരിയിൽ വിദ്യാർഥികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ചവരെ അറിയാമെന്ന് സുഹൃത്തുക്കൾ. താമരശ്ശേരി സ്‌കൂളിലെ കുട്ടികളാണ് മർദിച്ചത്. ഇവർ ഷഹബാസിനെ മർദിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. രണ്ട് ദിവസം മുമ്പ് ഷഹബാസിന്റെ മറ്റൊരു സുഹൃത്തിനെയും ഇവർ മർദിച്ചിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു
ഷഹബാസിനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയ ആളുകളെ അറിയില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഞായറാഴ്ച താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ഡാൻസിന്റെ പാട്ട് നിന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിലും ഒടുവിൽ ഒരു കൊലപാതകത്തിലും കലാശിച്ചത്
പരിപാടിയിൽ എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ പെൺകുട്ടികൾ ഡാൻസ് ചെയ്തിരുന്നു. ഇതിനിടെ ഫോൺ തകരാറിലായി പാട്ട് നിന്നു. ഇതോടെ താമരശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ കൂവിവിളിച്ചു. രണ്ട് സ്‌കൂളിലെയും കുട്ടികൾ തമ്മിൽ ഇത് വാക്കേറ്റത്തിന് ഇടയാക്കി
പിന്നാലെ വാട്‌സാപ്പ് ഗ്രൂപ്പ് വഴി പ്രതികാരം ചെയ്യണമെന്ന ചർച്ചകൾ നടന്നു. ഇതാണ് നടുറോഡിലെ ഏറ്റുമുട്ടലിലേക്കും ഷഹബാസിന്റെ മരണത്തിലേക്കും നയിച്ചത്.