Kerala

ഷഹബാസിന്റെ കൊലപാതകം: പ്രധാനപ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പ്രധാന പ്രതിയായ വിദ്യാർത്ഥിയുടെ പിതാവിന് ചില ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരാമാണ് പുറത്തുവരുന്നത്. വിദ്യാർത്ഥിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നിൽക്കുന്ന ചിത്രം ഇതിനോടകം പ്രചരിക്കുന്നുണ്ട്.

സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ പ്രതിയായ ആളാണ് ടികെ രജീഷ്. ആക്രമണ സമയം ഇയാളും സ്ഥലത്ത് ഉണ്ടായിരുന്നതായാണ് ഷഹബാസിൻറെ പിതാവിന്റെ വെളിപ്പെടുത്തൽ. ഷഹബാസിനെ ആക്രമിക്കാൻ ഉപയോഗിച്ച നഞ്ചക്ക് ഇയാളുടെ വീട്ടിൽ നിന്നാണ് കിട്ടിയത്. ഷഹബാസിൻറെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയോട്ടി തകർന്നാണ് മരണമെന്നാണ് റിപ്പോർട്ട്.

ഷഹബാസിനെ ആക്രമിച്ചതിൽ കുട്ടികൾ മാത്രമല്ല മുതിർന്നവരും ഉണ്ടായിരുന്നതായി പിതാവ് ഇക്ബാൽ നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിൽ അഞ്ച് പേരാണ് കസ്റ്റഡിയിലുള്ളത്. ഷഹബാസിനെ കൊല്ലുമെന്ന് സമൂഹ മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ വിദ്യാർത്ഥിയുടെ പിതാവാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്.

ഈ ചിത്രം എപ്പോഴാണ് എടുത്തതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഷഹബാസിൻ്റെ കൊലപാതകത്തിന് ക്വട്ടേഷൻ സംഭവവുായി ബന്ധമുണ്ടെന്നും അക്രമം നടക്കുമ്പോൾ കുട്ടിയുടെ പിതാവും ബന്ധുക്കളും സ്ഥലത്തുണ്ടായിരുന്നെന്നും ഇക്ബാൽ നേരത്തെ പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. ഇക്ബാലിൻ്റെ ആരോപണം ബലപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായത്. ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലിയായിരുന്നു ഏറ്റുമുട്ടൽ. തുടർന്ന് അധ്യാപകർ ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും സംഭവത്തിൻ്റെ തുടർച്ചയായി വ്യാഴാഴ്ച വൈകീട്ട് വീണ്ടും സംഘർഷമുണ്ടാകുകയായിരുന്നു.

ഈ സംഘർഷത്തിലാണ് ഷഹബാസിന് ​ഗുരതരമായി പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഷഹബാസിനെ താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെൻറിലേറ്റർ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ജീവൻ നിലനിർത്താൻ കഴിഞ്ഞത്.

Related Articles

Back to top button
error: Content is protected !!