Kerala

കൈരളിയിലെ വല്യേട്ടന്‍ വിവാദത്തില്‍ ഷാജി കൈലാസ്; അതൊരു തമാശയായിരുന്നു

കൈരളിയോട് ക്ഷണ ചോദിച്ച് സംവിധായകന്‍

താന്‍ സംവിധാനം ചെയ്ത വല്യേട്ടന്‍ എന്ന ചിത്രം കൈരളി ടിവിയില്‍ 1900 തവണ സംപ്രേഷണം ചെയ്തിട്ടുണ്ട് എന്ന പരാമര്‍ശത്തിന് പിന്നാലെ ക്ഷമാപണം പറഞ്ഞ് ഷാജി കൈലാസ്. താന്‍ അങ്ങനെ പറഞ്ഞത് തമാശയായിട്ടാണെന്നും ഒരിക്കലും കൈരളി ടിവിയെ ഇകഴ്ത്തി കാണിക്കാനായി പറഞ്ഞതല്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വല്യേട്ടന്‍ സിനിമ കൈരളി ചാനലില്‍ 1,880 തവണ സംപ്രേഷണം ചെയ്തുവെന്ന നിര്‍മാതാവിന്റെയും 1,900 തവണ സംപ്രേഷണം ചെയ്തുവെന്ന സംവിധായകന്റെ വാദം തെറ്റാണെന്ന് കൈരളി ചാനലിന്റെ സീനിയര്‍ ഡയറക്ടര്‍ പറഞ്ഞിരുന്നു. വാദം വസ്തുതാപരമല്ലെന്നും ആദ്യ വര്‍ഷങ്ങളില്‍ ഈ സിനിമ വിശേഷ ദിവസങ്ങളില്‍ മാത്രമെ പ്രദര്‍ശിപ്പിച്ചിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വല്യേട്ടന്‍ കൈരളി ചാനലില്‍ ഒട്ടേറെ തവണ പ്രദര്‍ശിപ്പിച്ചതില്‍ ഒരു സംവിധായകനെന്ന നിലയില്‍ തനിക്ക് അഭിമാനമാണുള്ളതെന്നും ഷാജി കൈലാസ് പറഞ്ഞു.

ഷാജീ കൈലാസ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്: ഞാന്‍ സംവിധാനം ചെയ്ത വല്യേട്ടന്‍ എന്ന ചിത്രം കൈരളി ടിവിയില്‍ 1900 തവണ സംപ്രേഷണം ചെയ്തു എന്ന് ഞാന്‍ പറഞ്ഞത് കൈരളി ചാനലിന്റെ സീനിയര്‍ ഡയറക്ടര്‍ എം. വെങ്കിട്ടരാമന്‍ ഉള്‍പ്പെടെ ഉള്ളവരെ വേദനിപ്പിച്ചു എന്ന് മനസിലാക്കുന്നു. എന്നാല്‍ അതൊരു തമാശ രൂപേണ പറഞ്ഞതാണെന്നും ഒരിക്കലും കൈരളി ടിവിയെ ഇകഴ്ത്തി കാണിക്കാനായി പറഞ്ഞതല്ലെന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ചാനലാണ് കൈരളി ചാനല്‍. വര്‍ഷങ്ങളായി അവര്‍ക്കൊപ്പം സഞ്ചരിക്കുന്ന ആള്‍ കൂടിയാണ് ഞാന്‍. അത്‌കൊണ്ട് തന്നെ ഒരിക്കലും അവരെ താഴ്ത്തിക്കെട്ടാന്‍ ഞാന്‍ ശ്രമിക്കില്ല.
എങ്കിലും തമാശ രൂപേണ പറഞ്ഞ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു. വല്യേട്ടന്‍ കൈരളി ചാനലില്‍ ഒട്ടേറെ തവണ പ്രദര്‍ശിപ്പിച്ചതില്‍ ഒരു സംവിധായകനെന്ന നിലയില്‍ എനിക്ക് അഭിമാനമാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തുകൊള്ളട്ടെ. അദ്ദേഹം പറയുന്നു.

Related Articles

Back to top button