നിരാശയോടെ ഷമി മടങ്ങുന്നു; ഇനി ഒരേയൊരു പ്രതീക്ഷ മാത്രം
ഓസ്‌ട്രേലിയന്‍ ടെസ്‌റ്റിന് അവസരം ലഭിച്ചെന്ന് സൂചന
പരുക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വലിയ പ്രതീക്ഷയാണ് ഇന്ത്യന്‍ ക്രിക്കറ്റിനുള്ളത്. മുഷ്‌താഖ് അലി ട്രോഫിയിലൂടെയാണ് ഷമി ഗംഭീരമായ തിരിച്ചുവരവ് നടത്തിയത്. എന്നാല്‍, മുഷ്‌താഖ് അലി ട്രോഫിയിലെ തന്റെ ടീമായ ബംഗാളിന് കപ്പ് വാങ്ങിക്കൊടുക്കണമെന്ന ആഗ്രഹം സഫലീകരിക്കാനാകാതെ ഷമി മടങ്ങുകയാണ്.
ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ ബറോഡയോട് 41 റണ്‍സിന്റെ കനത്ത തോല്‍വിയേറ്റുവാങ്ങിയാണ് ബംഗാള്‍ ടീം നാട്ടിലേക്ക് മടങ്ങുന്നത്.
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത 20 ഓവറില്‍ ബംഗാള്‍ ഉയര്‍ത്തിയ 172 റണ്‍സെന്ന സ്‌കോര്‍ മറികടക്കാനാകാതെ രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ ബംഗാള്‍ ഇന്നിംഗ്‌സ് അവസാനിച്ചു. മത്സരത്തില്‍ 131 റണ്‍സിന് എല്ലാവരും പുറത്തായി.
നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് എടുത്ത ഷമിയും 39 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് കൊയ്‌ത കനിഷ്‌ക് സേതുമാണ് ബംഗാളിന്റെ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. വിജയിക്കാവുന്ന സ്‌കോര്‍ ആയിരുന്നെങ്കിലും ബറോഡയുടെ ബോളിംഗ് കരുത്തിന് മുന്നില്‍ ബംഗാള്‍ മുട്ടുമടക്കുകയായിരുന്നു.
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടെസ്‌റ്റ് പരമ്പരയില്‍ ഷമിക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. അടുത്ത ടെസ്റ്റില്‍ കളിക്കാന്‍ ഇന്ത്യക്ക് പേസര്‍മാരുടെ ക്ഷാമമുണ്ടെന്ന് നേരത്തേ ക്യാപ്‌റ്റന്‍ രോഹിത്ത് ശര്‍മ പരാതിപ്പെട്ടിരുന്നു.