കൃഷി ആവശ്യത്തിനായി എടുത്ത ഭൂമി വാടകക്ക് നല്‍കുന്ന ഫാം ഉടമകള്‍ക്കെതിരേ താക്കീതുമായി ഷാര്‍ജ നഗരസഭ
ഷാര്‍ജ: കൃഷിക്കും മൃഗപരിപാലനത്തിനുമായി അനുവദിച്ച ഭൂമി സാമ്പത്തിക ലാഭം നേടാന്‍ മേല്‍ വാടകക്ക് നല്‍കുന്ന ഫാം ഉടമകള്‍ക്കെതിരേ താക്കീതുമായി ഷാര്‍ജ നഗരസഭ. ശൈത്യകാലത്താണ് പണ സമ്പാദനത്തിനായി ഇത്തരം നീക്കം പല ഫാം ഉടമകളും നടത്തുന്നത്. ഇത് അനുവദിക്കാനാവുന്നതല്ല. എന്ത് ആവശ്യത്തിനാണോ ഭൂമി നല്‍കിയത് അതിന്റെ പരിധിയില്‍വരുന്ന പ്രവര്‍ത്തനങ്ങളെ നടത്താന്‍ പാടുള്ളൂ.
സ്വദേശികള്‍ക്ക് ഭൂമി നല്‍കിയിരിക്കുന്നത് സാമ്പത്തികമായ അഭിവൃദ്ധിക്കായാണ്. എമിറേറ്റിന്റെ സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയുംകൂടി ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഭൂമി അനുവദിച്ചിരിക്കുന്നതെന്നും നഗരസഭാധികൃതര്‍ ഓര്‍മിപ്പിച്ചു. പല ഫാമുകള്‍ക്കും സമീപം അധികൃതര്‍ ബോധവത്കരണ നോട്ടീസും പതിച്ചുതുടങ്ങിയിട്ടുണ്ട്. ഭൂമി മറ്റുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് സമീപത്തുള്ള ഫാമുകള്‍ക്ക് ശല്യമാവുന്നതായും പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നതായും അധികൃതര്‍ പറഞ്ഞു. ഫാം ഉടമകള്‍ നിയമം പാലിക്കണമെന്നും അനുവദിച്ച പ്രവര്‍ത്തികള്‍ മാത്രമേ ചെയ്യാവൂവെന്നും ഷാര്‍ജ ഫാം വയലേഷന്‍സ് റിമൂവല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.