ദുബൈക്ക് പിന്നാലെ റെന്റല്‍ ഇന്റെക്‌സ് നടപ്പാക്കാന്‍ ഷാര്‍ജ ഒരുങ്ങുന്നു
ഷാര്‍ജ: ദുബൈക്ക് പിന്നാലെ ഷാര്‍ജയും റെന്റെല്‍ ഇന്റെക്‌സ് നടപ്പാക്കാന്‍ ഒരുങ്ങുന്നു. എമിറേറ്റിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും ഷാര്‍ജ ഭരണകൂടം കണക്കുകൂട്ടുന്നു. എമിറേറ്റിന്റെ പൂര്‍ണമായുള്ള ഭുപടത്തോടെയുള്ള റെന്റ് ഇന്റെക്‌സില്‍ നോക്കിയാല്‍ ഓരോ മേഖലയിലെയും കെട്ടിട വാടക എത്രയാണെന്ന് നിക്ഷേപകര്‍ക്ക് കൃത്യമായി അറിയാന്‍ സാധിക്കും.
ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റുമായി സഹകരിച്ചാവും എസ്‌സിസിഐ(ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റെസ്ട്രി)യുടെ കീഴില്‍ റിയല്‍ എസ്റ്റേറ്റ് ഇന്റെക്‌സ് നടപ്പാക്കുകയെന്ന് എസ്‌സിസിഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് സെക്ടര്‍ ബിസിനസ് ഗ്രൂപ്പ് റെപ്രസന്റേറ്റീവ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സഈദ് ഗാനേം അല്‍ സുവൈദി വ്യക്തമാക്കി. ഷാര്‍ജ എസ്‌ക്‌പോ സെന്ററില്‍ 22 മുതല്‍ 25 വരെ നടക്കുന്ന ആക്രെസ് 2025 എക്‌സ്ബിഷനിലാവും റെന്റ് ഇന്റെക്‌സ് ഉദ്ഘാടനം നടക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.