
ഷാര്‍ജ: പട്ടാള സേവനത്തില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് പെന്‍ഷനും സര്‍വീസ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പ്രഖ്യാപനം നടത്തിയത്. ഇതിനായി പുതിയ നിയമനിര്‍മാണവും ഷാര്‍ജ ഭരണാധികാരി നടത്തിയിട്ടുണ്ട്. സ്ഥിരം സര്‍വീസിലുള്ള പട്ടാളക്കാര്‍ക്കായിരിക്കും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുക.
ഷാര്‍ജ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് പെന്‍ഷന്‍ പദ്ധതിക്കായി രൂപീകരിച്ചിട്ടുണ്ട്. സര്‍വീസില്‍നിന്ന് വിരമിച്ചത് മുതല്‍ പട്ടാളക്കാരന്റെ ജീവിതാവസാനംവരെ മാസാമാസം പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതിയിലെ ഒരു രീതി. മരണപ്പെടുന്ന പട്ടാളക്കാരുടെ ബന്ധുക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പെന്‍ഷന്‍ ലഭിക്കാന്‍ എന്തെല്ലാം യോഗ്യതകളാണ് വേണ്ടതെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി ഔദ്യോഗിക ഗസറ്റില്‍ ഇത് പ്രസിദ്ധീകരിക്കാനും ഡോ. ശൈഖ് സുല്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.