![](https://metrojournalonline.com/wp-content/uploads/2025/02/images_copy_1920x1278-780x470.avif)
ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കല്‍ബയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടെത്തി വിലയിരുത്തി. കല്‍ബ നഗരത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വിവിധ വികസന പദ്ധതികളുടെ പുരോഗതിയാണ് ഷാര്‍ജ ഭരണാധികാരി നേരിട്ടെത്തി വിലയിരുത്തിയത്.
വിനോദസഞ്ചാരം, പരിസ്ഥിതി, വിനോദ രംഗത്തെ ഇതര വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഭരണാധികാരി നേരില്‍ കണ്ടു. സ്വാഭാവികമായ ആവാസ വ്യവസ്ഥയില്‍ അറേബ്യന്‍ കടുവകളെ കാണാനും അവയെ ആസ്വദിക്കാനും സന്ദര്‍ശകര്‍ക്ക് അവസരം നല്‍കുന്ന പ്രകൃതിദത്ത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന അറബ് ടൈഗര്‍ റിസര്‍വ് പദ്ധതി അദ്ദേഹം സന്ദര്‍ശിച്ചു. കല്‍ബയിലെ ഹഫ്‌യ പര്‍വ്വതങ്ങളലെ വിശാലമായ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നതാണ് ഈ ടൈഗര്‍ റിസര്‍വ്.
കല്‍ബ നഗരത്തിന്റെ അതിമനോഹരമായ ദൃശ്യവും ഗള്‍ഫ് ഒഫ് ഒമാന്റെ കാഴ്ചയും ഈ പര്‍വതുകളില്‍ നിന്നും സന്ദര്‍ശകര്‍ക്ക് ആവോളം ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ടൈഗര്‍ റിസര്‍വ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവിടെ എത്തുന്നവര്‍ക്ക് കടുവകള്‍ക്കൊപ്പം ഇതര ജീവജാലങ്ങളായ പക്ഷികളെയും മറ്റും നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി ജലാശയത്തോട് ചേര്‍ത്ത് തണല്‍ പാതകളാണ് സജ്ജമാക്കിയിരിക്കുന്നത്. 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പാര്‍ക്കിംഗ് മേഖല വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള ഇടം, കുതിരസവാരിക്കുള്ള സൗകര്യം, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ഔട്ട്‌ഡോര്‍ തിയേറ്റര്‍ തുടങ്ങിയവയും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.