പാറശ്ശാല സ്വദേശി ഷാരോണിനെ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളെ. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസില്‍ പ്രതികളാണ്.
നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറയുന്നത്.2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും ആസൂത്രണം നടത്തി. ഇതിന്റെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേര്‍ത്ത കഷായം നല്‍കുകയുമായിരുന്നു. ഒക്ടോബര്‍ പതിനാലിലാണ് സംഭവം നടക്കുന്നത്.
കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോണ്‍ അവശനിലയിലായി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്. ഗ്രീഷ്മ നല്കിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ മൊഴി നല്കി. ഇതാണ് കേസില്‍ അന്വേഷണ സംഘത്തിന് തുമ്പായത്.