Kerala

കേരളത്തിന്റെ വളര്‍ച്ച ഉമ്മന്‍ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും കാലത്ത്; ലേഖനം പി രാജീവിന്റെ കണക്കുകള്‍ വിശ്വസിച്ച്; കോണ്‍ഗ്രസ് കണ്ണുരുട്ടിയപ്പോള്‍ നിലപാട് മാറ്റി ശശി തരൂര്‍

കോണ്‍ഗ്രസ് നേതൃത്വം നിലപാട് കടുപ്പിച്ചതോടെ കേരള സര്‍ക്കാരിനെ പുകഴ്ത്തിയ നിലപാടില്‍ നിന്നും പിന്നേക്കം പോയി ശശി തരൂര്‍ എംപി. എന്റെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ലേഖനത്തില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമര്‍ശിക്കാത്തത് ചിലര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് മനപ്പൂര്‍വമല്ലെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ആ ലേഖനത്തില്‍ പ്രതിപാദിച്ചിരുന്നത് നിലവിലെ സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ സാങ്കേതികവിദ്യക്കും വ്യവസായ വളര്‍ച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളില്‍ ഒരു മാറ്റം വരുത്തിയിരിക്കുന്നു എന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും കേരളത്തിന് കാതലായ വളര്‍ച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തില്‍ ആദ്യമായി ഒരു ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് എ കെ ആന്റണി സര്‍ക്കാറിന്റെ കാലത്ത് നടത്തിയതും പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ആയിരുന്നു.
സിപിഎമ്മിന്റെ ഇതുവരെയുള്ള പൊതു നയം ഇക്കാര്യത്തില്‍ വ്യവസായ നിക്ഷേപ അനുകൂലമല്ലാതിരുന്നതില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് നിലവിലെ വ്യവസായ മന്ത്രി പറയുകയും അവതരിപ്പിക്കുകയും ചെയ്ത കണക്കുകള്‍ ആയിരുന്നു എന്റെ ലേഖനത്തിന്റെ പ്രധാന പ്രതിപാദ്യമെന്ന് തരൂര്‍ പറഞ്ഞു.

നേരത്തെ, കേരളം മാറ്റത്തിന്റെ പാതയിലെന്നും വ്യവസായ രംഗത്ത് മികച്ച മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും ശശി തരൂര്‍ എംപി പറഞ്ഞത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണ്. ‘ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍’ എന്ന പേരില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തില്‍ വന്ന മാറ്റങ്ങള്‍ അദേഹം തുറന്നുകാട്ടിയിരിക്കുന്നത്.

ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെയും തരൂര്‍ അഭിനന്ദിച്ചു. സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു ബിസിനസ് തുടങ്ങാന്‍ മൂന്ന് ദിവസം എടുക്കുമ്പോള്‍, ഇന്ത്യയില്‍ ശരാശരി 114 ദിവസം എടുക്കും. കേരളത്തില്‍ 236 ദിവസവും. എന്നാല്‍ രണ്ടാഴ്ച മുമ്പ് ‘രണ്ട് മിനിറ്റിനുള്ളില്‍’ ഒരു ബിസിനസ് തുടങ്ങാന്‍ കഴിയുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. കേരളത്തെക്കുറിച്ച് നമ്മളെല്ലാവരും കേട്ടതും കരുതിയതുമായ കാര്യങ്ങളില്‍ നിന്നുള്ള സ്വാഗതാര്‍ഹമായ മാറ്റമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.

സംരംഭങ്ങള്‍ക്ക് ഏകജാലകത്തിലൂടെ അനുമതികള്‍ ലഭിക്കുമെന്ന് മാത്രമല്ല അത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ് സംഭവിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. രാജീവ് ചൂണ്ടിക്കാണിച്ചതുപോലെ, ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളം 28-ാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തിയിട്ടുണ്ട്. എഐ, ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ, മെഷീന്‍ ലേണിംഗ് എന്നിവയുള്‍പ്പെടെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനം ഒരു പുതിയ വ്യവസായ നയം നടപ്പാക്കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. ശശി തരൂരിന്റെ അഭിനന്ദനം സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ്.

തരൂരിന്റെ ലേഖനം വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കേരളം വ്യാവസായിക രംഗത്ത് നേടിയ നേട്ടങ്ങളെ വളരെ പോസിറ്റീവായി അദ്ദേഹം നോക്കിക്കാണുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കേരളത്തിന്റെ പുതിയ വ്യവസായ നയത്തെയും കേരളത്തിലേക്ക് അന്താരാഷ്ട്ര അംഗീകാരമുള്‍പ്പെടെ എത്തിച്ച സംരംഭക വര്‍ഷം പദ്ധതിയേയുമെല്ലാം ഒരു വലിയ മാറ്റമായി അംഗീകരിക്കാനും അദ്ദേഹം തയ്യാറായി. കേരളത്തിന്റെ മുന്നേറ്റത്തിനായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന ഞങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യവും അദ്ദേഹം സ്വന്തം വാക്കുകളില്‍ ഈ ലേഖനത്തിലൂടെ പങ്കുവെക്കുന്നുവെന്ന് പി രാജീവ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!