വന്യമൃഗ ശല്യത്തെ കുറിച്ചും ലഹരി മാഫിയയെ കുറിച്ചും ഒരക്ഷരം മിണ്ടാത്തയാളാണ് ശശി തരൂർ; എം എം ഹസ്സൻ

കോഴിക്കോട്: കേരളത്തിലെ വ്യവസായത്തെ പ്രകീര്‍ത്തിച്ച ശശി തരൂര്‍ എംപിയെ തള്ളി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്. വ്യക്തിപരമായ കാര്യങ്ങള്‍ പറയണമെങ്കില്‍ തരൂര്‍ വര്‍ക്കിംഗ് കമ്മറ്റിയില്‍ നിന്നും ഒഴിയണമെന്ന് ഹസ്സന് ആവശ്യപ്പെട്ടു. ശശി തരൂര്‍ പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാന രഹിതവും അവാസ്തവവുമാണെന്ന് എം എം ഹസ്സന് പറഞ്ഞു. അതിശയോക്തി നിറഞ്ഞതാണ് അദ്ദേഹം പറഞ്ഞ കാര്യങ്ങളെന്നും ഹസ്സന് മാധ്യമങ്ങളോട് പ്രതികരിച്ചു. 30000 വ്യവസായ യൂണിറ്റുകള്‍ വന്നുവെന്നാണ് തരൂര്‍ പറയുന്നതെന്നും ഗള്‍ഫ് മലയാളികള്‍ തിരിച്ച് വന്ന് തുടങ്ങിയതാണ് പലതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായം തുടങ്ങാന്‍ എത്ര കാലം പലരും കാത്തിരുന്നു. അവരെ ശശി തരൂര്‍ കണ്ടില്ല. ആന്തൂരില്‍ സാജന് ആത്മഹത്യ ചെയ്തത് ശശി തരൂരിന് ഓര്‍മയുണ്ടോ? ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഇതുണ്ടായതില്‍ സന്തോഷിക്കുന്നു എന്നാണ് തരൂര്‍ പറയുന്നത്. എന്നാല്‍ തരൂര്‍ മാത്രമേ ഇത് കമ്യൂണിസ്റ്റ് സര്‍ക്കാരാണെന്ന് പറയൂ. സ്മാര്‍ട്ട് സിറ്റിയെ ആക്ഷേപിച്ചവരാണ് എല്‍ഡിഎഫ്’, എം എം ഹസ്സന് പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് നന്നായി ചെയ്തത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും അഭിനന്ദിക്കുമ്പോള്‍ ശശി തരൂര്‍ ഉമ്മന്‍ ചാണ്ടി ചെയ്ത കാര്യങ്ങള്‍ മറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മണ്ഡലത്തില്‍ 2000 സംരംഭങ്ങള്‍ ഉണ്ടെന്നാണോ തരൂര്‍ പറയുന്നതെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പുതിയ വന്‍കിട സംരംഭം ഉണ്ടായോയെന്നും ഹസന് ചോദിച്ചു.
കടല്‍ മണല്‍ ഖനനത്തെ കുറിച്ചും വന്യമൃഗ ശല്യത്തെ കുറിച്ചും ലഹരി മാഫിയയെ കുറിച്ചും ഒരക്ഷരം മിണ്ടാത്തയാളാണ് ശശി തരൂര്‍. യുഡിഎഫ് ഇത്രയും കാലം പറഞ്ഞതിനെ ശശി തരൂര്‍ തള്ളി പറഞ്ഞു. തരൂര്‍ ഇമേജ് ശക്തിപ്പെടുത്താന്‍ പറഞ്ഞതാവാം. കുടിയേറ്റക്കാരെ കയ്യാമം വച്ച് കൊണ്ട് വന്നപ്പോള്‍ ഒരു പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിച്ചില്ല. ആ അന്താരാഷ്ട്ര നയങ്ങളെ ശശി തരൂര്‍ പ്രശംസിക്കുന്നു. ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് മനസിലാകുന്നില്ല’, എം എം ഹസന് വിമര്‍ശിച്ചു.
അത്യുന്നത സമിതിയില്‍ നിന്ന് ഒഴിഞ്ഞിട്ട് വേണം ശശി തരൂര്‍ ഇക്കാര്യങ്ങള്‍ ചെയ്യാനെന്നും തരൂരിന്റെ പ്രസ്താവനകള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാതെയാണ് തരൂര്‍ പുകഴ്ത്തുന്നത്. പറഞ്ഞതിന് പിന്നില്‍ എന്താണെന്ന് അദ്ദേഹത്തിനേ അറിയൂവെന്നും എം എം ഹസ്സന് വ്യക്തമാക്കി. രാഷ്ട്രീയമായി കോണ്‍ഗ്രസിന്റെ നിലപാടിന് കടകവിരുദ്ധമായാണ് തരൂര്‍ പറയുന്നത്. ആ സ്ഥാനത്തിരുന്ന് കൊണ്ട് ശശി തരൂര്‍ ഇത് പറയരുതെന്നും എം എം ഹസ്സന് കൂട്ടിച്ചേര്‍ത്തു.