തീവ്രവാദികളെ തീവ്രവാദികൾ എന്നല്ലാതെ കെസിവൈഎം എന്ന് വിളിക്കാനാകില്ലല്ലോയെന്ന് ഷോൺ ജോർജ്

പി സി ജോർജിന്റെ പരാമർശം എവിടെയും മതസ്പർധ ഉണ്ടാക്കിയിട്ടില്ലെന്ന് മകൻ അഡ്വ ഷോൺ ജോർജ്. എല്ലാ കാലത്തും ഈരാറ്റുപേട്ടയെ സ്‌നേഹിച്ച വ്യക്തിയാണ് പി സി ജോർജ്. അദ്ദേഹം ചാനലിൽ നടത്തിയ പരാമർശത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പിറ്റേദിവസം തന്നെ ക്ഷമാപണം നടത്തിയിട്ടുണ്ടെന്ന് ഷോൺ ജോർജ് പറഞ്ഞു.
നോട്ടീസ് വന്ന ഈരാറ്റുപേട്ട സി ഐ ഓഫിസ് പിസി ജോർജ് ഉണ്ടാക്കിയതാണ്. പിസി ജോർജ് ഹാജരാകേണ്ട മജിസ്‌ട്രേറ്റ് കോടതിയും അദ്ദേഹം ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ടയിൽ ഇപ്പോൾ കാണുന്ന മുൻസിപ്പാലിറ്റി ലീഗിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ട് പിസി ജോർജ് യുഡിഎഫിൽ പ്രവർത്തിച്ച കാലത്ത് ഉണ്ടാക്കിയതാണ്.
ഈരാറ്റുപേട്ടയിലുള്ള എല്ലാവരും തീവ്രവാദികളാണെന്ന് പി സി ജോർജ് പറഞ്ഞിട്ടില്ല. പക്ഷെ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഒരു ജനപ്രതിനിധിയെന്ന നിലയിൽ അദ്ദേഹം ചെയ്തിട്ടുള്ളത്. ഇനിയും തീവ്രവാദ സംഘടനകൾക്ക് എതിരെ നിലപാടുകളുമായി മുന്നോട്ട് പോകും. തീവ്രവാദികളെ തീവ്രവാദികൾ എന്നല്ലാതെ കെസിവൈഎം എന്ന് വിളിക്കാനാകില്ലല്ലോയെന്നും ഷോൺ ജോർജ് പറഞ്ഞു.