അഞ്ചാം വയസിൽ ബോംബ് പൊട്ടി കാൽ നഷ്ടമായി, വെല്ലുവിളികൾ നേരിട്ട് പഠിച്ച് ഡോക്ടറായി: അസ്‌ന വിവാഹിതയായി

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷത്തിനിടെയുണ്ടായ ബോംബേറിൽ കാൽ നഷ്ടമായ ഡോക്ടർ അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എൻജീനീയറുമായ നിഖിലാണ് വരൻ. അസ്‌നയുടെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീട്ടിലായിരുന്നു ചടങ്ങുകൾ.
രാഷ്ട്രീയ സംഘർഷത്തിനിടെ അഞ്ചാം വയസിൽ വലതുകാൽ നഷ്ടമായ അസ്‌ന, പ്രതിസന്ധികളും വെല്ലുവിളികളുമൊക്കെ തരണം ചെയ്ത് പഠിച്ച് മുന്നേറിയാണ് ഡോക്ടറായത്. 2000 സെപ്റ്റംബർ 27ന് തദ്ദേശ തെരഞ്ഞെടുപ്പിനിടെ നടന്ന രാഷ്ട്രീയ സംഘർഷത്തിനിടെയാണ് അസ്‌നക്ക് ബോംബേറിൽ പരുക്കേൽക്കുന്നത്
അക്രമികൾ എറിഞ്ഞ ബോംബുകളിൽ ഒന്ന് വന്നുപതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്‌നയുടെ ദേഹത്തായിരുന്നു. വലതുകാലിന് ഗുരുതരമായി പരുക്കേറ്റു. ചികിത്സക്കിടെ മുട്ടിന് താഴെ വെച്ച് കാൽ മുറിച്ച് മാറ്റേണ്ടിയും വന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് അസ്‌ന എംബിബിഎസ് പൂർത്തിയാക്കിയത്. നിലവിൽ വടകരയിലെ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്.