കൊച്ചി കൊക്കെയ്ന്‍ കേസിൽ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ; മോഡലുകളേയും വെറുതെവിട്ടു
കൊക്കെയ്ൻ കേസിൽ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തൻ. നടൻ ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളേയും എറണാകുളം സെഷൻസ് കോടതി വെറുതെവിട്ടു.
എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. തുടർന്ന്, മുഴുവൻ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഷൈൻ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ ഹാജരായി.
കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30-നായിരുന്നു സംഭവം.
ഷൈനിനെയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വെച്ച് കൊക്കെയ്ൻ ഉപയോഗിച്ചെന്ന് ആരോപിച്ച് പോലീസ് പിടികൂടിയത് വലിയ വാർത്തയുമായി. എന്നാൽ തന്നെ കേസിൽ കുടുക്കിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നായിരുന്നു ഷൈനിന്റെ പ്രതികരണം. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്.