ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തു; ലഹരി ഉപയോഗത്തിനും ഗൂഢാലോചനക്കും കേസ്

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തു. ഇന്ന് നോർത്ത് പോലീസ് സ്റ്റേഷനിൽ നാല് മണിക്കൂറോളം നേരം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് വിവരം. ഷൈനിനെതിരെ എൻഡിപിഎസ് ആക്ടിലെ 27,29 വകുപ്പുകൾ പ്രകാരം കേസെടുത്തു
ലഹരി ഉപയോഗത്തിനും ഗൂഢാലോചനക്കുമാണ് കേസ്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവ് ലഭിക്കാം. ലഹരിമരുന്ന് ഇടപാടുകാരൻ സജീറിനെ അറിയാമെന്ന് ചോദ്യം ചെയ്യലിൽ ഷൈൻ സമ്മതിച്ചതായാണ് വിവരം. ഷൈനിന്റെ ഫോണിൽ ലഹരിമരുന്ന് ഇടപാടുകാരുമായുള്ള ബന്ധത്തെ കുറിച്ചുള്ള സൂചനയും ലഭിച്ചിട്ടുണ്ട്
ഡാൻസാഫ് സംഘത്തെ കണ്ടപ്പോൾ ഗുണ്ടകളാണെന്ന് തെറ്റിദ്ധരിച്ചാണ് താൻ ഓടിയതെന്ന് ഷൈൻ പോലീസിനോട് പറഞ്ഞു. എന്തിനാണ് പേടിയെന്ന് ചോദിച്ചപ്പോൾ, തനിക്ക് സിനിമാ മേഖലയിൽ ശത്രുക്കൾ ഉണ്ടെന്നും അവർ ആരൊക്കെയെന്ന് അറിയില്ലെന്നുമായിരുന്നു മറുപടി. മൂന്ന് ഫോണുകൾ ഉപയോഗിക്കുന്ന ഷൈൻ ഒരു ഫോൺ മാത്രമാണ് പോലീസിന് മുന്നിൽ ഹാജരാക്കിയത്. മറ്റ് ഫോണുകൾ എടുക്കാൻ മറന്നുപോയെന്നാണ് നടൻ പറഞ്ഞത്.