ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ല; മൊഴികൾ വിശദമായി പരിശോധിച്ച ശേഷം വിളിപ്പിക്കും

വിവാദ ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പോലീസ്. ഷൈനിൻ്റെ മൊഴികൾ വിശദമായി പരിശോധിച്ച ശേഷം മാത്രം താരം ഇനി ഹാജരായ മതിയെന്നാണ് അന്വേഷണ സംഘത്തിൻറെ വിലയിരുത്തൽ. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം യോഗം ചേർന്ന ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക. ഇനി പോലീസ് വിളിപ്പിച്ച ശേഷം മാത്രം ഷൈൻ ഹാജരായാൽ മതിയാവും.
അതേസമയം, ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനയിൽ ലഹരി ഉപയോഗം തെളിഞ്ഞില്ലെങ്കിൽ എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കാനാണ് ഷൈൻ ടോം ചാക്കോയുടെ നീക്കം. പോലീസ് ചുമത്തിയ വകുപ്പുകൾ വളരെ ദുർബലമാണെന്നും താരത്തിൻ്റെ പക്കൽ നിന്ന് ലഹരി കണ്ടെടുക്കാത്തതിനാൽ കോടതിയിൽ കേസ് നിലനിൽക്കില്ലെന്നുമാണ് ഷൈനിൻ്റെ ആഭിഭാഷകർ പറയുന്നത്.
എന്നാൽ, കേസ് ശക്തിപ്പെടുത്തുന്നതിന് ഷൈനിനെതിരെ കൂടുതൽ തെളിവുകൾ ആവശ്യമാണ്. അത് കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്. അതിനിടെ, സിനിമാ മേഖലയിൽ വ്യാപകമായി ലഹരി ഉപയോഗമുണ്ടെന്ന ഷൈനിൻറെ മൊഴിയും പോലീസ് അന്വേഷിച്ച് വരികയാണ്. ലഹരിക്കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോക്കെതിരെ എൻഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കൽ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകൾക്കും ശേഷമാണ് ഷൈന് പോലീസ് കസ്റ്റഡിയിൽ നിന്ന് പുറത്തുവന്നത്. ഷൈനിൻ്റെ കൈയ്യിൽ നിന്ന് തെളിവ് ലഭിക്കാതിരിക്കാനാണ് ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഗുണ്ടകളാണെന്ന് കരുതിയാണ് ഓടിയതെന്നാണ് ഷൈനിൻ്റെ മൊഴി. എന്തിനാണ് ഗുണ്ടകൾ ഷൈനിനെ തേടിയെത്തിയതെന്നടക്കം പോലീസ് അന്വേഷിച്ച് വരികയാണ്.