പതിനെട്ടടവും പയറ്റി ഷൈൻ ടോം; ആ തെളിവുകൾക്ക് മുന്നിൽ പതറി: ഒടുവിൽ കുറ്റസമ്മതം

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പോലീസ്. ഇന്ന് രാവിലെ പത്ത് മണിയോടെ എറണാകുളം നോർത്ത് പോലീസ് സറ്റേഷനിൽ ഹാജരായ ഷൈൻ ടോമിനെ നാല് മണിക്കൂറോളം നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് അറസറ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ ആദ്യം വട്ടം കറക്കിയെങ്കിലും പിന്നീട് പോലീസിന്റെ മുന്നിൽ നടൻ പതറുകയായിരുന്നു.
ഹോട്ടലിൽ പോലീസാണ് എത്തിയത് എന്ന വിവരം തൊട്ടടുത്ത ദിവസമാണ് താൻ അറിഞ്ഞത് എന്നായിരുന്നു ഷൈൻ ആദ്യം പറഞ്ഞത്. എന്നാൽ ഇത് പൊളിക്കാൻ ആവശ്യമായ തെളിവുകളെല്ലാം പോലീസിന്റെ പക്കലുണ്ടായിരുന്നു. സൈബർ പോലീസ് ശേഖരിച്ച വിവരങ്ങളാണ് ഇതിൽ പ്രധാനമായത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടവരെ അറിയാമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ഫോണ്‍ കോളുകളും ഡിജിറ്റല്‍ ഇടപാടുകളും അടക്കമുള്ള തെളിവുകൾ നടന് എതിരായി.
രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ലഹരി ഇടപാടുകാരൻ സജീറിനെ അന്വേഷിച്ചായിരുന്നു എത്തിയത്. ഇയാളെ അറിയാമോ എന്ന പോലീസിന്റെ ചോദ്യത്തിൽ ഷൈന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഷൈൻ അറിയാമെന്ന് പറഞ്ഞു. ആദ്യം ഇല്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് കോൾ ലോഗ് വന്നതോടെയാണ് സത്യാവസ്ഥ പുറത്ത് പറഞ്ഞത്. ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ദിവസം ഡ്രഗ് ഡീലർ സജീറുമായി 20,000 രൂപയുടെ ഇടപാട് ഷൈൻ നടത്തിയതിന്‍റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇതിനുപുറമെ താൻ ലഹരി ഉപയോഗിക്കാറുണ്ടെന്നും എന്നാൽ അന്നേ ദിവസം താൻ ഉപയോഗിച്ചിട്ടില്ലെന്നും പോലീസിനു ഷൈൻ മൊഴി നൽകിയത്. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയ താരത്തിന്റെ മെഡിക്കൽ പരിശോധന ഉടൻ നടത്തും. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള എല്ലാ പരിശോധനയും നടത്തുമെന്നാണ് വിവരങ്ങൾ. ഇതോടെ ഷൈനെതിരെയുള്ള കുരുക്ക് ഇനിയും മുറുകിയേക്കും. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്.