ആന്റി ഡോപിംഗ് ടെസ്റ്റിന് ഷൈനിന്റെ സാമ്പിളെടുത്തു; ഇറങ്ങിയോടിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാട്

ലഹരിക്കേസിൽ അറസ്റ്റിലായ ഷൈൻ ടോം ചാക്കോയെ ആന്റി ഡോപിംഗ് ടെസ്റ്റിന് വിധേയമാക്കുന്നതിനായി സാമ്പിളുകളെടുത്തു. ഷൈന്റെ മുടി, രക്തം, നഖം എന്നിവയുടെ സാമ്പിളുകളാണ് എടുത്തത്. പോലീസ് നടപടിയുമായി ഷൈൻ പൂർണമായും സഹകരിച്ചു. സാമ്പിളുകൾ പോലീസിന്റെ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കും
ഷൈനിനെതിരെ മറ്റ് വകുപ്പുകൾ കൂടി ചുമത്തി അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ലഹരി ഇടപാട് നടത്തിയ സജീറിനെയും പോലീസ് അറസ്റ്റ് ചെയ്‌തേക്കും. സജീറിനെ അറിയാമെന്ന് ഷൈൻ സമ്മതിച്ചിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമയെയും അറിയുമെന്ന് ഷൈൻ പോലീസിനോട് പറഞ്ഞു
ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനക്ക് ശേഷം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. നിലവിലെ കേസുകൾ പ്രകാരം ഷൈന് സ്റ്റേഷൻ ജാമ്യം ലഭിച്ചേക്കും. ഹോട്ടലിൽ നിന്നിറങ്ങിയോടിയ ദിവസം ഡ്രഗ് ഡീലർ സജീറുമായി ഷൈൻ 20,000 രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ട്. ഇതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു.
നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയതെങ്കിലും ആന്റി ഡോപിംഗ് ടെസ്റ്റിന്റെ ഫലം കേസിൽ നിർണായകമാകും. നിലവിൽ ഷൈന്റെ കുറ്റസമ്മത മൊഴിപ്രകാരമാണ് കേസ്.